യുദ്ധം ഏകദേശം പൂർത്തിയായി, പക്ഷേ വിജയം പോരാ'; പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി ഡൊണാൾഡ് ട്രംപ്


10, March, 2026
Updated on 10, March, 2026 19


പശ്ചിമേഷ്യയിൽ ഇറാനെതിരെ തുടരുന്ന സൈനിക നീക്കം ഏകദേശം പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, "തങ്ങൾ ഇതുവരെ വേണ്ടത്ര വിജയിച്ചിട്ടില്ല" എന്ന ട്രംപിന്റെ തന്നെ മറ്റൊരു പ്രസ്താവന യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ മുൻ നിലപാടുകളിൽ നിന്ന് മാറിയത്.നേരത്തെ സിബിഎസ് ന്യൂസ് റിപ്പോർട്ടറോട് സംസാരിക്കവെ, യുദ്ധം നിശ്ചയിച്ച സമയത്തേക്കാൾ വളരെ മുന്നിലാണെന്നും ഇറാന്റെ നാവികസേനയും വാർത്താവിനിമയ സംവിധാനങ്ങളും വ്യോമസേനയും തകർക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടിരുന്നു.യുദ്ധം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ. എന്നാൽ മണിക്കൂറുകൾക്ക് ശേഷം നടന്ന പാർട്ടി യോഗത്തിൽ, ഇറാനെ പൂർണ്ണമായും നിർണ്ണായകമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം 4-5 ആഴ്ച നീണ്ടുനിൽക്കുമെന്ന് ട്രംപ് നേരത്തെ പ്രവചിച്ചിരുന്നു.ട്രംപിന്റെ അവകാശവാദങ്ങൾക്ക് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി. യുദ്ധത്തിന്റെ അന്ത്യം തീരുമാനിക്കുന്നത് ട്രംപല്ല, മറിച്ച് ഇറാനായിരിക്കുമെന്ന് ഐആർജിസി വക്താവ് പറഞ്ഞു.യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ഒരാഴ്ചയായി ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ഇത് ആഗോള എണ്ണവിപണിയെ പിടിച്ചുലച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. 2022-ന് ശേഷമുള്ള ഏറ്റവും വലിയ വിലവർദ്ധനവാണിത്. വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ വില 119 ഡോളർ വരെ ഉയർന്നിട്ടുണ്ട്.




Feedback and suggestions