10, March, 2026
Updated on 10, March, 2026 1
ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ആക്രമണങ്ങൾ തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റി അയക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രതികരണം.ആഗോള എണ്ണ വിതരണത്തിന്റെ 20% കടന്ന് പോകുന്ന ഹോർമുസ് കടലിടുക്ക്, രണ്ടാം ആഴ്ചയിലേക്ക് കടന്ന മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.
തിങ്കളാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ആഗോള എണ്ണ പ്രവാഹത്തിൽ ഇറാൻ ഇടപെട്ടാൽ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. "അവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അവർ പ്രയോഗിച്ച് കഴിഞ്ഞു. ഇനി എന്തെങ്കിലും തമാശയ്ക്ക് അവർ ശ്രമിച്ചാൽ അത് ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും, പിന്നീട് ആ പേര് പോലും ആരും കേൾക്കില്ല," ട്രംപ് പറഞ്ഞു.ഹോർമുസ് കടലിടുക്ക് ഇപ്പോൾ തുറന്ന് കിടക്കുകയാണെന്നും അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുമ്പ്, ഇറാൻ കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്തിയാൽ 20 മടങ്ങ് കൂടുതൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നിരുന്നാലും, ട്രംപിന്റെ മുന്നറിയിപ്പുകൾ ഇറാനെ പിന്തിരിപ്പിച്ചില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടർന്നാൽ മേഖലയിൽ നിന്ന് എണ്ണ പുറത്തുപോകാൻ അനുവദിക്കില്ലെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ചൊവ്വാഴ്ച വ്യക്തമാക്കി. ഇറാനും അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെ അമേരിക്കൻ സൈന്യവും ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടവും നടത്തുന്ന ആക്രമണം തുടർന്നാൽ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേന കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മേഖലയിൽ നിന്ന് ശത്രുപക്ഷത്തേക്കും അതിന്റെ പങ്കാളികളിലേക്കും ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ല," IRGC മുന്നറിയിപ്പ് നൽകി.
ഒമാനും ഇറാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക്, ആഗോള ഊർജ്ജ വിപണികൾക്ക് ഒരു സുപ്രധാന ഗതാഗത മാർഗമാണ്. സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.ഇത് ആഗോള എണ്ണ പ്രവാഹത്തെ തടസ്സപ്പെടുത്തി, ക്രൂഡ് ഓയിൽ വില ഉയർന്നു. വിതരണത്തിൽ ദീർഘകാല തടസ്സമുണ്ടാകുമെന്ന ഭയത്താൽ തിങ്കളാഴ്ച, വില ബാരലിന് ഏകദേശം 120 ഡോളറിലെത്തി. നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടർന്നാൽ ഇത് ഇന്ത്യ ഉൾപ്പെടെ ലോകത്തെ മിക്ക രാജ്യങ്ങളിലെയും ഊർജ മേഖലയെ ദോഷകരമായി ബാധിക്കും.