9, March, 2026
Updated on 9, March, 2026 0
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് ലോക്‌സഭയിൽ പ്രത്യേക പ്രസ്താവന നടത്തും.ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് പുനരാരംഭിക്കുമ്പോൾ മേഖലയിലെ സാഹചര്യങ്ങളും ഇന്ത്യയുടെ നയതന്ത്ര നിലപാടുകളും പ്രവാസി സുരക്ഷയും മന്ത്രി സഭയെ അറിയിക്കും. ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ ലോക്‌സഭയുടെ പുതുക്കിയ അജണ്ടയിലാണ് മന്ത്രിയുടെ പ്രസ്താവന ഉൾപ്പെടുത്തിയിരിക്കുന്നത്.വിദേശകാര്യമന്ത്രിയുടെ പ്രസ്താവന കൊണ്ട് മാത്രം കാര്യമില്ലെന്നും വിഷയത്തിൽ സഭയിൽ വിശദമായ ചർച്ച വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം എംപിമാർക്ക് വ്യക്തത തേടാനോ ചോദ്യങ്ങൾ ചോദിക്കാനോ അവസരം ലഭിക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.2003-ൽ ഇറാഖ് അധിനിവേശ സമയത്ത് അടൽ ബിഹാരി വാജ്‌പേയി സർക്കാർ സഭയിൽ വിശദമായ ചർച്ച നടത്തുകയും പ്രമേയം പാസാക്കുകയും ചെയ്ത മാതൃക ഇത്തവണയും വേണമെന്ന് അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.യുദ്ധം ആരംഭിച്ച ശേഷം മേഖലയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്നതോടെ ഇതുവരെ 52,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതരായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യുദ്ധം ആരംഭിച്ച ശേഷം മേഖലയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്നതോടെ ഇതുവരെ 52,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതരായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഗൾഫ് മേഖലയിലുള്ള ബാക്കിയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ജയശങ്കർ ഇന്ന് സഭയിൽ വ്യക്തമാക്കും. ഇറാനിലെ ലക്ഷ്യങ്ങൾക്കും യുഎസ് സൈനിക താവളങ്ങൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ആഗോള സുരക്ഷയെയും എണ്ണവിലയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സഭയിൽ ഉയരും.സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയം മാത്രമായിരുന്നു ഇന്ന് ലോക്‌സഭയിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഏക അജണ്ട. എന്നാൽ പശ്ചിമേഷ്യൻ വിഷയം കൂടി ഉൾപ്പെടുത്തിയതോടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് പ്രക്ഷുബ്ധമായ തുടക്കമായിരിക്കും ലഭിക്കുക. യുദ്ധ സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടുകൾ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.