9, March, 2026
Updated on 9, March, 2026 7
ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പഴയ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകൻ ആണ് മൊജ്തബ ഖമേനി. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പുരോഹിതരുടെ കൂട്ടായ്മയായ വിദഗ്ധരുടെ അസംബ്ലി ഭൂരിപക്ഷ സമവായത്തിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡും ഇറാൻ പിന്തുണയുള്ള ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയും മൊജ്തബ ഖമേനിക്ക് പിന്തുണ പ്രഖ്യാപിച്ചു.
പിതാവിന്റെ ഭരണകാലത്ത് തന്നെ മൊജ്തബ ഖമേനി ഇറാന്റെ സുപ്രീം ലീഡറുടെ ഓഫീസ് കൈകാര്യം ചെയ്തിരുന്നതായും ഐആർജിസിയുമായും ഇന്റലിജൻസ് സർവീസുകളുമായും ഉള്ള ആഴത്തിലുള്ള ബന്ധം കാരണം അതിന്റെ "ഗേറ്റ് കീപ്പിംഗ്" നടത്തിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അയത്തുള്ള അലി ഖമേനിയുടെയും മൻസൂറെ ഖോജസ്‌തെ ബാഗർസാദെയുടെയും രണ്ടാമത്തെ മകനാണ് മോജ്തബ ഖമേനി. 1969 സെപ്റ്റംബർ 6 ന് വടക്കുകിഴക്കൻ ഇറാനിലെ ഒരു പ്രധാന ഷിയ മതകേന്ദ്രമായ മഷാദിൽ ആണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത മതപഠനത്തിനും ശേഷം മോജ്തബ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (ഐആർജിസി) ചേർന്നു പ്രവർത്തിച്ചിരുന്നു. 1987-88 ലെ ഇറാഖ്-ഇസ്രായേൽ യുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം ഹബീബ് ബറ്റാലിയനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.