5, March, 2026
Updated on 5, March, 2026 2
തിരുവനന്തപുരം: പുതിയകാലത്തെ മാറുന്ന സമ്പാദ്യശീലങ്ങൾ ഉൾക്കൊണ്ട് ആരംഭിച്ച കെഎസ്എഫ്ഇയുടെ 685-ാമത്തെ ശാഖയായ ടെക്നോപാർക്ക് ബ്രാഞ്ചിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സാങ്കേതികവിദ്യയുടെ വലിയ പരിവർത്തന ഘട്ടത്തിലൂടെയാണ് കെഎസ്എഫ്ഇ കടന്നുപോകുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് സന്ദർശിക്കാതെ തന്നെ പണ ഇടപാട് നടത്താൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ കെഎസ്എഫ്ഇയുടെ മാറിയ മുഖത്തിന് തെളിവാണ്. ഇത്തരം പദ്ധതികൾ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ നൽകുന്ന സുതാര്യതയും സുരക്ഷയും പുതിയ തലമുറ ടെക്കികളെ കൂടി പരിചയപ്പെടുത്തുന്നതിനായി " ഫ്രട്ടേണിറ്റി ഫണ്ട്" പദ്ധതിയും ആരംഭിച്ചു. ടെക്നോപാർക്ക് തേജസ്വിനി കൊമേഴ്സ്യൽ ബിൽഡിങ്ങിലാണ് ഒരുലക്ഷം കോടി രൂപ വാർഷിക ബിസിനസ് കൈവരിക്കുന്ന രാജ്യത്തെ ആദ്യ എംഎൻബിസി ആയ കെഎസ്എഫ്ഇയുടെ ശാഖ ആരംഭിച്ചത്. ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ ചിട്ടിക്ക് പകരം മ്യൂച്ചൽ ഫണ്ടുകളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. പലപ്പോഴും ഓൺലൈൻ ആപ്ലിക്കേഷൻ നിക്ഷേപങ്ങളിൽ പോയി പെട്ട് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. സർക്കാർ ഉറപ്പുനൽകുന്ന വിശ്വാസതയാണ് കെഎസ്എഫ്ഇയുടെ മുഖമുദ്ര. 'ടെക്കി'കൾക്ക് കെഎസ്എഫ്ഇയുടെ സേവനം തൊട്ടടുത്തുതുതന്നെ ലഭ്യമാക്കാൻ പുതിയ ശാഖയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. സാങ്കേതികമായ വൈദഗ്ധ്യത്തോടെ തൊഴിലെടുക്കുന്ന തലമുറയെ സമ്പാദശീലങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ടെക്നോപാർക്ക് ശാഖ ആരംഭിച്ചത് എന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.ഏറ്റവും നവീനമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന പ്രവർത്തനം കെഎസ്എഫ്ഇക്ക് കാഴ്ചവയ്ക്കാൻ ആകുമെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പറഞ്ഞു.വാർഡ് കൗൺസിലർ സുനിൽ എസ്.എസ്., കെഎസ്എഫ്ഇ ഡയറക്ടർ ഡോ. കെ. ശശികുമാർ, കെഎസ്എഫ്ഇ തൊഴിലാളി സംഘടന നേതാക്കളായ മുരളീകൃഷ്ണ പിള്ള എസ്., സൽജബിൽ കെ.ബി., വിനോദ് എസ്, സുശീലൻ എസ്. തുടങ്ങിയവർ പങ്കെടുത്തു. ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നയിച്ച മ്യൂസിക് ലൈവ് ഷോയും ഉത്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി.