28, February, 2026
Updated on 28, February, 2026 6
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക് പോൾ പ്രീ-ഇലക്ഷൻ സർവേ. ആകെയുള്ള 140 സീറ്റുകളിൽ 81 മുതൽ 86 സീറ്റുകൾ വരെ നേടി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് 51 മുതൽ 59 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും എൻഡിഎ 0-2 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ വ്യക്തമാക്കുന്നു. വോട്ട് വിഹിതത്തിൽ യുഡിഎഫ് 43-45 ശതമാനവും എൽഡിഎഫ് 39-41 ശതമാനവും നേടുമെന്നാണ് കണക്കുകൾ.
സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളും ഭരണവിരുദ്ധ വികാരവുമാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നത്. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള അടുപ്പവും ക്രൈസ്തവ സഭകളുമായുള്ള കോൺഗ്രസിന്റെ സമ്പർക്കവും യുഡിഎഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമായേക്കാം. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും റബ്ബർ കർഷകരുടെ പ്രതിഷേധവും സർക്കാരിനെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്.തെക്കൻ കേരളത്തിലെ പരമ്പരാഗത വോട്ടർമാരായ സർക്കാർ ജീവനക്കാർ, നെൽകർഷകർ, കശുവണ്ടി തൊഴിലാളികൾ എന്നിവർക്കിടയിലുള്ള അതൃപ്തിയും യുഡിഎഫിന് ഗുണകരമാകും. വികസന നേട്ടങ്ങൾ ഭരണപക്ഷത്തിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വിശ്വാസ്യതയിലുണ്ടായ ഇടിവ് തിരിച്ചടിയാകുമെന്നാണ് ലോക് പോൾ വിലയിരുത്തൽ.