21, February, 2026
Updated on 21, February, 2026 9
വാഷിംഗ്ടണ്‍ : കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്തിയെന്ന ആരോപിച്ച് ഒരുബോട്ടിനു നേര്‍ക്ക് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം വെള്ളിയാഴ്ച അറിയിച്ചു.കിഴക്കന്‍ പസഫിക്കിലെ മയക്കുമരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിച്ച ബോട്ട് മയക്കുമരുന്നിമായി പോവുകയായിരുന്നുവെന്ന് യുഎസ് സതേണ്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഒരു ബോട്ട് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും തുടര്‍ന്ന് തീപിടുത്തമുണ്ടാകുന്നതും കാണാം.വെള്ളിയാഴ്ചത്തെ ആക്രമണത്തോടെ ട്രംപ് ഭരണകൂടം കരീബിയന്‍- കിഴക്കന്‍ പസഫിക് സമുദ്രങ്ങളിലായി മയക്കുമരുന്നു കടത്തിനെതിരേ നടത്തുന്ന 43-ാമത്തെ ആക്രമണമാണ്.. 148 പേരെങ്കിലും മയക്കുമരുന്ന് ബോട്ടുകളില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സൂചിപ്പിക്കുന്നു.ലാറ്റിന്‍ അമേരിക്കയിലെ കാര്‍ട്ടലുകളുമായി യുഎസ് സേന ‘സായുധ സംഘട്ടനത്തിലാണെന്ന്’ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, മയക്കുമരുന്നിന്റെ കടത്ത് തടയുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നു സൈനീക നടപടികളെ ന്യായീകരിച്ച് ട്രംപ് പറഞ്ഞു. എന്നാല്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവരെന്നു ട്രംപ് ഭരണകൂടം പറയുമ്പോഴും ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നല്കാന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം ആദ്യത്തെ ബോട്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സൈന്യം തുടര്‍ന്നുള്ള ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബോട്ട് ആക്രമണങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളും നിയമ വിദഗ്ധരും സൈന്യം നടത്തിയത് കൊലപാതകമാണെന്ന വിമര്‍ശനം മുന്നോട്ടുവെച്ചു.