15, February, 2026
Updated on 15, February, 2026 6
ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധികാരം പിടിച്ചെടുത്തു. ആകെ 300 സീറ്റുകളിൽ 209 എണ്ണവും സ്വന്തമാക്കിയാണ് ബി.എൻ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അതേസമയം, ജമാഅത്തെ ഇസ്ലാമി സഖ്യത്തിനും പ്രക്ഷോഭകാരികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിക്കും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്തെ ഇസ്ലാമി, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച നടക്കും. ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാൻ പ്രധാനമന്ത്രിമാരെയും ചൈനീസ് പ്രസിഡന്റിനെയും ബി.എൻ.പി ക്ഷണിച്ചിട്ടുണ്ട്. സാർക്ക് രാജ്യങ്ങളുടെ സാന്നിധ്യം ചടങ്ങിൽ ഉറപ്പാക്കാനാണ് ബംഗ്ലാദേശിന്റെ നീക്കം. എന്നാൽ, അതേ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തേക്കില്ല. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ പ്രതിനിധിയായി പങ്കെടുത്തേക്കും. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായ ആലോചനകൾ നടത്തിവരികയാണ്.
ഭരണമേറ്റെടുക്കുന്നതിന് മുന്നോടിയായി താരിഖ് റഹ്മാൻ ഇന്ന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജ്യതാൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള വിദേശനയമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എൻ.പിയിൽ നിന്ന് ആറ് വനിതാ പ്രതിനിധികൾ വിജയിച്ചതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.