സംസ്ഥാന പദവിയില്ല, ആറാം ഷെഡ്യൂളുമില്ല; ലഡാക്കിന്റെ ആവശ്യങ്ങൾ തള്ളി കേന്ദ്രം


13, February, 2026
Updated on 13, February, 2026 61


ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യം കേന്ദ്ര സർക്കാർ ഔദ്യോഗികമായി തള്ളി. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം, പകരം ‘ടെറിട്ടോറിയൽ പദവി’ നൽകാമെന്ന പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. ലഡാക്കിലെ വിവിധ സംഘടനകളുമായി നടത്തിയ സമവായ ചർച്ചയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പ്രദേശത്തിന്റെ പ്രത്യേക സാംസ്കാരിക-ഭൗമ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള ഭരണസംവിധാനത്തേക്കാൾ കൂടുതൽ അധികാരങ്ങൾ നൽകാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.


എന്നാൽ കേന്ദ്രത്തിന്റെ ഈ വാഗ്ദാനങ്ങൾ ലഡാക്കിലെ പ്രതിഷേധ സംഘടനകൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ലഭിക്കാതെ പിന്നോട്ടില്ലെന്ന് ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ചു. തങ്ങളുടെ മൗലികമായ ആവശ്യങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്നും, വരും ദിവസങ്ങളിൽ ലഡാക്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതോടെ ലഡാക്കിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.




Feedback and suggestions