പ്രതിപക്ഷത്തിന്റെ നാവരിയാൻ ശ്രമം; ലോക്‌സഭയിൽ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം, നടപടികൾ സ്തംഭിച്ചു


4, February, 2026
Updated on 4, February, 2026 15


ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും കനത്ത പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുവാദം നിഷേധിച്ചതിനെത്തുടർന്ന് ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സംസാരിക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഇത് നിരസിച്ചതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.


പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ ചോദ്യോത്തര വേള തടസ്സപ്പെടുകയും ലോക്‌സഭ 12 മണി വരെ നിർത്തിവെക്കുകയും ചെയ്തു. രാജ്യസഭയിലും സമാനമായ രീതിയിൽ പ്രതിഷേധം ആഞ്ഞടിച്ചു. പ്രതിപക്ഷത്തിന്റെ വാദങ്ങളെ നേരിടാൻ സർക്കാരിന് മറുപടിയില്ലെന്നും, നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ പോലും അനുവദിക്കാത്ത ഏകാധിപത്യപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.അതേസമയം, കഴിഞ്ഞ ദിവസം സസ്‌പെൻഷനിലായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെയുള്ള എട്ട് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. സഭയ്ക്കുള്ളിൽ ശബ്ദമുയർത്താൻ അനുവദിക്കാത്ത സാഹചര്യത്തിൽ പുറത്ത് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.




Feedback and suggestions