വനിതാ സംവരണ ബിൽ അപകടകരമായ നീക്കമെന്ന് സോണിയ ഗാന്ധി; യഥാർത്ഥ ലക്ഷ്യം മണ്ഡല പുനർനിർണ്ണയമാണെന്ന് വിമർശനം


13, April, 2026
Updated on 13, April, 2026 0


ന്യൂഡൽഹി : വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ ചർച്ച ചെയ്യാനെന്ന വ്യാജേന മണ്ഡല പുനർനിർണ്ണയം എന്ന 'അപകടകരമായ' നീക്കമാണ് സർക്കാർ നടത്തുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.മണ്ഡല പുനർനിർണ്ണയത്തിനുള്ള സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമാണ്. ജാതി സെൻസസ് എന്ന ആവശ്യം അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി ഒരു പ്രമുഖ ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ വിജയിച്ച തെക്കൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേൽക്കൈ ലഭിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കും എന്നും സോണിയ ഗാന്ധി സൂചിപ്പിച്ചു.






Feedback and suggestions