പട്ന: ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക്. നിലവിലെ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി നാളെ (ഏപ്രിൽ 15) സത്യപ്രതിജ്ഞ ചെയ്യും. 21 വർഷം നീണ്ട നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പുതിയ ബിജെപി സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങിയിരിക്കുന്നത്. രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചത്. അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു. നിയുക്ത മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം രാജി സമർപ്പിക്കാൻ എത്തിയത്. രാജി സമർപ്പിച്ച ശേഷം പുതിയ സർക്കാരിന് നിതീഷ് കുമാർ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയുള്ള വികസനമാണ് തന്റെ സർക്കാർ നടത്തിയതെന്നും, ഒട്ടേറെ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ വസതിയിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ, മുൻ ഉപമുഖ്യമന്ത്രി രേണുദേവി തുടങ്ങിയവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഒടുവിൽ നറുക്ക് സാമ്രാട്ട് ചൗധരിക്ക് വീഴുകയായിരുന്നു.ലോക് ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകൾ നേടി ബിജെപി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. സ്വന്തമായി ഒരു മുഖ്യമന്ത്രിയെ ബിഹാറിൽ വാഴിക്കാൻ സാധിച്ചത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.