സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം


31, January, 2026
Updated on 31, January, 2026 22


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം. 29 ദിവസത്തിനിടെ 16 പേർക്ക് രോഗം ബാധിച്ചു. വേനൽ കാലത്ത് ചൂട് കൂടുമ്പോൾ രോഗവ്യാപനം അധികരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികൾ ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. രോഗത്തിന്റെ ഉറവിട പഠനവും ഇഴഞ്ഞു നീങ്ങുകയാണ്. 2025ൽ മാത്രം 201 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. 2024ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 201 ആയി കുതിച്ചുയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2024ൽ മരണസംഖ്യ ഒമ്പത് ആയിരുന്നെങ്കിൽ 2025ൽ അത് 47 ആയി ഉയർന്നു. പുതിയ വർഷത്തിലും ആശങ്ക തുടരുകയാണ്.വളരെ അപൂർവമായി വരുന്ന രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് രോഗവ്യാപനത്തെ തടയുന്നതിന് വെല്ലുവിളിയാണ്. മലിന ജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധ ഉണ്ടാകുന്നതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ കിണർ വെള്ളം മാത്രം ഉപയോഗിച്ചവർക്കും രോഗം വന്നതോടെ ഉറവിടം ഏതെന്ന കാര്യത്തിൽ സംശയമുയർന്നു. സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് നടത്തുന്ന ഫീല്‍ഡ് തല പഠനം മാസങ്ങൾ പിന്നിട്ടിട്ടും എവിടെയാണ് ഉറവിടം എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും ഉത്തരമില്ല.




Feedback and suggestions