കൊളംബിയയിൽ വിമാനദുരന്തം; ജനപ്രതിനിധി ഉൾപ്പെടെ 15 മരണം


29, January, 2026
Updated on 29, January, 2026 11


കൊളംബിയയിൽ വെനസ്വേല അതിർത്തിക്ക് സമീപം സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന എയർലൈൻസ് വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. 13 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊളംബിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം ഡിയോജൻസ് ക്വിന്ററോ ഉൾപ്പെടെയുള്ള പ്രമുഖരും വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.


അതിർത്തി നഗരമായ കുകൂട്ടയിൽ നിന്ന് പുറപ്പെട്ട വിമാനം ഒകാനയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിന് എയർ ട്രാഫിക് കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വനനിബിഡമായ ഈ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം സാധാരണമാണ്. കൊളംബിയയിലെ വലിയ ഗറില്ലാ വിഭാഗമായ നാഷണൽ ലിബറേഷൻ ആർമിയുടെ സ്വാധീനമേഖലയിലാണ് വിമാനം തകർന്നു വീണത് എന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.


അപകടത്തെത്തുടർന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാനും തിരച്ചിൽ നടത്താനുമായി സർക്കാർ വ്യോമസേനയെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരു നിയമസഭാ സാമാജികനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വ്യോമയാന വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Feedback and suggestions