28, January, 2026
Updated on 28, January, 2026 15
അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും ഗവേഷകർക്കും വലിയ തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ് സംസ്ഥാനത്ത് പുതിയ എച്ച്-1 ബി (H-1B) വിസകൾക്ക് ഗവർണർ ഗ്രെഗ് ഏബട്ട് നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും പൊതു സർവ്വകലാശാലകളിലും പുതിയ വിസ അപേക്ഷകൾ നൽകുന്നത് അടിയന്തരമായി മരവിപ്പിക്കാനാണ് ഗവർണറുടെ ഉത്തരവ്.അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ കർശന നടപടിയെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കൂടിയായ ഏബട്ട് വ്യക്തമാക്കി. 2027 മെയ് 31 വരെ ഈ നിരോധനം തുടരും.
ഫെഡറൽ ഗവൺമെന്റിന്റെ എച്ച്-1 ബി വിസ പ്രോഗ്രാമിൽ വ്യാപകമായ ദുരുപയോഗം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് ഏജൻസി മേധാവികൾക്ക് അയച്ച കത്തിൽ ഏബട്ട് ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നതിനായി അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ടെക്സസിലെ സമ്പദ്‌വ്യവസ്ഥ ഇവിടുത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേണ്ടിയാകണം. നികുതിപ്പണം ഉപയോഗിച്ച് നൽകുന്ന ജോലികൾ അമേരിക്കക്കാർക്ക് തന്നെ ലഭിക്കണം," അദ്ദേഹം വ്യക്തമാക്കി.നിശ്ചിത യോഗ്യതയുള്ള അമേരിക്കൻ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമം നടത്താതെ വിദേശികളെ നിയമിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഈ നീക്കം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചാണ് ഏബട്ടിന്റെ ഈ നടപടി.
ടെക്സസിലെ പൊതു സർവ്വകലാശാലകൾ, മെഡിക്കൽ സെന്ററുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ തീരുമാനം വലിയ പ്രതിസന്ധിയുണ്ടാക്കും. പ്രാദേശികമായി വിദഗ്ധരെ ലഭിക്കാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയും പ്രൊഫസർമാരെയും ഗവേഷകരെയും നിയമിക്കാൻ ഈ സ്ഥാപനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്നത് എച്ച്-1 ബി വിസകളെയായിരുന്നു. ഇനി മുതൽ ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നിയമനങ്ങൾ നടത്താൻ സാധിക്കില്ല.2026 മാർച്ച് 27-നകം എല്ലാ സർക്കാർ ഏജൻസികളും സർവ്വകലാശാലകളും കഴിഞ്ഞ വർഷത്തെ വിസ നിയമനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ എത്ര വിദേശികൾ ജോലി ചെയ്യുന്നു, അവരുടെ രാജ്യം, ശമ്പളം, അമേരിക്കൻ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കണം.
2024-ലെ കണക്കനുസരിച്ച് മൊത്തം എച്ച്-1 ബി വിസകളുടെ 71 ശതമാനവും സ്വന്തമാക്കിയിരുന്നത് ഇന്ത്യക്കാരാണ്. എന്നാൽ ട്രംപ് ഭരണകൂടം വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസായി ഏർപ്പെടുത്തിയതും ടെക്സസ് പോലുള്ള സംസ്ഥാനങ്ങൾ നേരിട്ട് നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഇന്ത്യൻ ഐടി മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ഇന്ത്യൻ ഐടി സേവന കമ്പനികളുടെ വിസ അപ്രൂവലുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് (37 ശതമാനം) 2025-ൽ രേഖപ്പെടുത്തിയത്.
"