ദൈവം താക്കീത് നൽകിയ സ്വവർഗാനുരാഗികൾ..! പോംപൈയിലെ ഇരുളടഞ്ഞ ഇടവഴികളിൽ 2000 വർഷം മറഞ്ഞിരുന്ന രഹസ്യങ്ങൾ പുറത്ത്


26, January, 2026
Updated on 26, January, 2026 6


രണ്ടായിരം വർഷങ്ങൾക്കു മുൻപ്, ചരിത്രത്തിന്റെ താളുകളിൽ നിന്നും അഗ്നിപർവ്വതം മായ്ച്ചുകളഞ്ഞ ഒരു നഗരമുണ്ട് – പോംപൈ. ആകാശത്തുനിന്ന് അഗ്നിയും ചാരവും വർഷിച്ചപ്പോൾ ആ നഗരം കല്ലായി മാറി. ദൈവം താക്കീത് നൽകിയ സ്വവർഗാനുരാഗികളുടെയും സുഖലോലുപതയിൽ ആറാടിയവരുടെയും നഗരമായി വിശേഷിപ്പിക്കപ്പെടുന്ന പോംപൈയുടെ ആഴങ്ങളിൽ ഇന്നും അവസാനിക്കാത്ത അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇത്രയും കാലം മണ്ണും ചാരവും മൂടിക്കിടന്ന ഒരു പുരാതന ഇടവഴിയിലെ ചുവരുകളിൽ നിന്നും ഇപ്പോൾ ചില ഞെട്ടിക്കുന്ന സന്ദേശങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.


അത് വെറുമൊരു സന്ദേശങ്ങളല്ല, ആധുനിക മനുഷ്യനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള പച്ചയായ ജീവിതത്തിന്റെ, ലൈംഗികതയുടെ, തമാശകളുടെ രേഖപ്പെടുത്തലുകളാണ് അവ. ഒരു പ്രത്യേക ക്യാമറ സജ്ജീകരണത്തിലൂടെ മാത്രം വെളിപ്പെട്ട ഈ “അദൃശ്യ” ലിഖിതങ്ങൾ പോംപൈയിലെ അനാചാരങ്ങളുടെയും രഹസ്യജീവിതത്തിന്റെയും നേർചിത്രമാണ് നൽകുന്നത്.


പാരീസിലെ സോർബോണിലെയും ക്യൂബെക്ക് സർവകലാശാലയിലെയും ഗവേഷകർ ചേർന്ന് നടത്തിയ പര്യവേക്ഷണമാണ് പോംപൈയിലെ ഒരു സാധാരണ ഇടവഴിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ‘റിഫ്ലക്‌ടൻസ് ട്രാൻസ്‌ഫോർമേഷൻ ഇമേജിംഗ്’ (RTI) എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര സൂക്ഷ്മമായ ചുവരെഴുത്തുകൾ തിരിച്ചറിയാൻ വ്യത്യസ്ത കോണുകളിൽ നിന്ന് പ്രകാശം വീഴ്ത്തി പ്രത്യേക ക്യാമറകൾ ദൃശ്യങ്ങൾ പകർത്തി.


ഇതിലൂടെ മുമ്പ് അജ്ഞാതമായിരുന്ന 79 പുതിയ ലിഖിതങ്ങളാണ് ചുവരുകളിൽ നിന്നും വീണ്ടെടുത്തത്. ഇതോടെ ഈ പ്രത്യേക ഇടവഴിയിൽ നിന്നും കണ്ടെത്തിയ ആകെ ചുവരെഴുത്തുകളുടെ എണ്ണം 200 കടന്നു. 1794-ൽ ഈ പ്രദേശം ആദ്യമായി ഖനനം ചെയ്ത് പുറത്തെടുത്തപ്പോൾ കണ്ടതിനേക്കാൾ വ്യക്തതയോടെ ചരിത്രം ഇന്ന് നമുക്ക് മുന്നിൽ തെളിയുകയാണ്.


പോംപൈയിലെ രണ്ട് വലിയ തിയേറ്ററുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 27 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു ഇടനാഴിയാണിത്. വിനോദങ്ങൾക്കായി എത്തുന്ന ആളുകൾ സമയം ചെലവഴിച്ചിരുന്ന ഈ ഭാഗം ഒരു തുറന്ന മൂത്രപ്പുരയായും ഉപയോഗിച്ചിരുന്നതായി ഗവേഷകർ കരുതുന്നു. ഇന്നത്തെ കാലത്തെ പൊതു ശൗചാലയങ്ങളുടെ ചുവരുകളിൽ കാണാറുള്ളതുപോലെ, അക്കാലത്തെ റോമാക്കാരും തങ്ങളുടെ ഉള്ളിലെ വികാരങ്ങൾ ചുവരുകളിൽ മാന്തിക്കുഴിച്ചു വെച്ചിരുന്നു. ഇവയിൽ ഭൂരിഭാഗവും അശ്ലീലത കലർന്ന ലൈംഗിക തമാശകളും പ്രണയ പ്രകടനങ്ങളും വ്യക്തിപരമായ അവഹേളനങ്ങളുമാണ്.


“എറാറ്റോ അമത്…” (എറാറ്റോ സ്നേഹിക്കുന്നു…) എന്ന് തുടങ്ങുന്ന സന്ദേശം ഇതിന് ഉദാഹരണമാണ്. എറാറ്റോ എന്നത് അക്കാലത്ത് അടിമസ്ത്രീകൾക്കും സ്വതന്ത്രരായ സ്ത്രീകൾക്കും സാധാരണയായി ഉപയോഗിച്ചിരുന്ന പേരായിരുന്നു. എന്നാൽ ആ പ്രണയ ലിഖിതത്തിലെ കാമുകന്റെ പേര് കാലപ്പഴക്കത്താൽ മാഞ്ഞുപോയിരിന്നു.


കണ്ടെത്തിയ സന്ദേശങ്ങളിൽ പലതും പോംപൈയിലെ അധോലോകത്തിന്റെ കൃത്യമായ ചിത്രം നൽകുന്നവയാണ്. ടൈച്ചെ എന്ന ലൈംഗികത്തൊഴിലാളിയെ ഈ ഇടവഴിയിലേക്ക് കൊണ്ടുപോയി മൂന്ന് പുരുഷന്മാർ ചേർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെക്കുറിച്ചുള്ള വിവരണങ്ങൾ ഒരു സന്ദേശത്തിലുണ്ട്. മറ്റൊന്ന് മിച്ചിയോ എന്ന വ്യക്തിയെ പരസ്യമായി അവഹേളിക്കുന്നതാണ്; അയാളുടെ പിതാവിന്റെ ശാരീരിക അവസ്ഥയെ പരിഹസിക്കുന്ന ആ ലിഖിതം അക്കാലത്തെ തമാശകളുടെ ക്രൂരത വെളിപ്പെടുത്തുന്നു. എന്നാൽ ഇവയ്ക്കിടയിൽ കലാപരമായ മികവ് പുലർത്തുന്ന ചില ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഗ്ലാഡിയേറ്റർമാർ തമ്മിലുള്ള ഘോരമായ പോരാട്ടത്തിന്റെ ചിത്രം അത്തരത്തിലൊന്നാണ്. ആ പോരാട്ടത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച ഒരാൾ തന്റെ ഓർമ്മയിൽ നിന്നും അത് വരച്ചു ചേർത്തതാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഹെൽമെറ്റുകളുടെയും ആയുധങ്ങളുടെയും സൂക്ഷ്മമായ വിശദാംശങ്ങൾ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.


“എനിക്ക് തിരക്കുണ്ട്; ശ്രദ്ധിക്കൂ, എന്റെ സാവാ, നീ എന്നെ സ്നേഹിക്കുന്നുവെന്ന് ഉറപ്പാക്കുക!” എന്നൊരു ലിഖിതം തിരക്കുപിടിച്ച ഒരു റോമൻ ജീവിതത്തെ ഓർമ്മിപ്പിക്കുന്നു. തങ്ങൾ താമസിക്കുന്ന നഗരത്തിന് തൊട്ടടുത്ത് വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ പോകുകയാണെന്നോ, തങ്ങളുടെ ഈ കൊച്ചു തമാശകളും രഹസ്യങ്ങളും വരുംതലമുറയ്ക്കായി പ്രകൃതി കല്ലിൽ കൊത്തി വെക്കുമെന്നോ അവർ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. ലൈംഗിക അരാജകത്വങ്ങളും സ്വവർഗാനുരാഗവും നിറഞ്ഞുനിന്ന ആ നഗരത്തിന് ലഭിച്ച ദൈവിക ശിക്ഷയായാണ് പലരും ഈ ദുരന്തത്തെ കാണുന്നത്. ‘ഇ-ജേണൽ ഡെഗ്ലി സ്‌കവി ഡി പോംപൈ’യിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് അന്യം നിന്നുപോയ ഒരു സംസ്കാരത്തിന്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളിലേക്കും വികാരങ്ങളിലേക്കുമാണ്.പോംപൈയിലെ ഈ ഇടുങ്ങിയ ഇടവഴി വെറുമൊരു വഴിയല്ല, മറിച്ച് രണ്ടായിരം വർഷം മുൻപുള്ള മനുഷ്യരിലേക്ക് തുറക്കുന്ന ഒരു ജാലകമാണ്. അവർ സ്നേഹിച്ചു, കലഹിച്ചു, പരസ്പരം പരിഹസിച്ചു, ഒടുവിൽ അഗ്നിക്കു മുൻപിൽ നിസ്സഹായരായി കീഴടങ്ങി. അഗ്നി വിഴുങ്ങിയ ആ നഗരത്തിലെ അവസാന ശബ്ദങ്ങൾ ഇന്നും ആ ചുവരുകളിൽ അദൃശ്യമായി നിലവിളിക്കുന്നുണ്ട്. ഓരോ ലിഖിതവും ഒരു താക്കീതാണ് – പ്രകൃതിയുടെ ക്രോധത്തിന് മുൻപിൽ നാം വെറും നിസ്സാരന്മാരാണെന്ന സത്യം. ഇനിയും എത്രയോ രഹസ്യങ്ങൾ ആ ചാരക്കൂനകൾക്കടിയിൽ നമ്മെ കാത്തിരിക്കുന്നുണ്ടാകാം, പോംപൈയിലെ ഈ വിചിത്രമായ രഹസ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഇതിനേക്കാൾ ഭീകരമായ എന്തെങ്കിലും ഇനിയും അവിടെ ഒളിഞ്ഞു കിടപ്പുണ്ടാകുമോ?




Feedback and suggestions