23, January, 2026
Updated on 23, January, 2026 6
വിമാനത്തിലെ പൈലറ്റായും ഫ്ലൈറ്റ് അറ്റൻഡന്റായും വേഷം മാറി നാല് വർഷത്തോളം സൗജന്യമായി വിമാനയാത്ര നടത്തിയ കനേഡിയൻ യുവാവ് പിടിയിലായി. ടൊറന്റോ സ്വദേശിയായ ഡാളസ് പോകോർണിക് (33) ആണ് പനാമയിൽ വെച്ച് അമേരിക്കൻ അധികൃതരുടെ പിടിയിലായത്. ഹോളിവുഡ് ചിത്രം ‘ക്യാച്ച് മി ഇഫ് യു കാൻ’ സിനിമയെ അനുസ്മരിപ്പിക്കുന്നതാണ് ഇയാളുടെ തട്ടിപ്പ്. ലിയോനാർഡോ ഡികാപ്രിയോ പൈലറ്റായി വേഷം മാറി ലോകം ചുറ്റുന്ന സിനിമയിലേതിന് സമാനമായിരുന്നു പോകോർണിക്കിന്‍റെയും രീതികൾ.
അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനികളുടെ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചായിരുന്നു ഡാളസിന്റെ യാത്രകൾ. പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കുമായി നീക്കിവെച്ചിട്ടുള്ള സീറ്റുകൾ ഉപയോഗിച്ച് നൂറുകണക്കിന് യാത്രകളാണ് നാല് വർഷത്തിനിടെ ഇയാൾ നടത്തിയത്. ഒരിക്കൽ വിമാനത്തിലെ കോക്പിറ്റിനുള്ളിലെ ജമ്പ് സീറ്റിൽ ഇരിക്കാൻ വരെ ഇയാൾ അനുവാദം ചോദിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.മുമ്പ് ഒരു കനേഡിയൻ വിമാനക്കമ്പനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്ന പരിചയമാണ് ഇത്രയും കാലം അധികൃതരുടെ കണ്ണുവെട്ടിച്ച് തട്ടിപ്പ് നടത്താൻ ഇയാൾക്ക് സഹായകരമായത്. പനാമയിൽ നിന്ന് അറസ്റ്റ് ചെയ്ത ഡാളസിനെ നിലവിൽ അമേരിക്കയ്ക്ക് കൈമാറി. വയർ ഫ്രോഡ് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയും ഇയാൾക്ക് ലഭിച്ചേക്കാം.