15 വർഷം മുമ്പ് ഫുകുഷിമയിൽ എന്താണ് സംഭവിച്ചത്! ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം പുനരാരംഭിച്ച് എന്തിന് വീണ്ടും ആ കനലുകൾ ജപ്പാൻ ഊതിക്കത്തിക്കുന്നു


22, January, 2026
Updated on 22, January, 2026 6


പ്രകൃതിക്ക് പ്രവചനാതീതമായ ഒരു മുഖമുണ്ടെന്ന് ലോകത്തിന് മനസ്സിലാക്കി കൊടുത്ത ദിനമായിരുന്നു അത്. ശാന്തമായിരുന്ന ജപ്പാൻ കടൽ തീരത്തേക്ക് മരണത്തിന്റെ ആഴങ്ങളുമായി ആ രാക്ഷസത്തിരമാലകൾ ഇരച്ചുകയറിയപ്പോൾ തകർന്നു വീണത് ഒരു രാജ്യത്തിന്റെ ആത്മവിശ്വാസം കൂടിയായിരുന്നു. 2011 മാർച്ച് 11… സമയം ഉച്ചയ്ക്ക് ശേഷം. പസിഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പം ജപ്പാന്റെ തീരങ്ങളെ പിടിച്ചുലച്ചു. എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. തൊട്ടുപിന്നാലെ ഏകദേശം 15 മീറ്റർ ഉയരത്തിൽ ആകാശത്തോളം പൊങ്ങി വന്ന സുനാമി ഫുകുഷിമ ഡൈച്ചി ആണവനിലയത്തിന്റെ മതിലുകൾ തകർത്ത് അകത്തേക്ക് കുതിച്ചു.


വൈദ്യുതി നിലച്ചു, തണുപ്പിക്കൽ സംവിധാനങ്ങൾ നിശ്ചലമായി. വെറും 72 മണിക്കൂറിനുള്ളിൽ മൂന്ന് ഭീമൻ റിയാക്ടറുകളിലെ കോറുകൾ ഉരുകിത്തുടങ്ങി. ലോകം ശ്വാസമടക്കി പിടിച്ചു നിന്ന ആ നിമിഷങ്ങളിൽ നിന്നാണ് ഫുകുഷിമ എന്ന തീരാദുരന്തത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.



ഫുകുഷിമയിൽ സംഭവിച്ചത് സാധാരണ ഒരു സാങ്കേതിക തകരാറല്ലായിരുന്നു. നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ അന്തരീക്ഷത്തിലേക്ക് വമിപ്പിച്ചത് ഏകദേശം 940 പെറ്റാബെക്വറലുകൾ എന്ന ഭീകരമായ അളവിലുള്ള റേഡിയോ ആക്ടീവ് പദാർത്ഥങ്ങളായിരുന്നു. അന്താരാഷ്ട്ര ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ ഇവന്റ് സ്കെയിലിൽ (INES) ഈ സംഭവത്തെ ഏറ്റവും മാരകമായ ‘ലെവൽ 7’ ദുരന്തമായാണ് തരംതിരിച്ചത്.


ചെർണോബിലിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തം. 2,719 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന നാല് റിയാക്ടറുകളും എന്നെന്നേക്കുമായി നശിച്ചു. അവ ഇനി ഒരിക്കലും നന്നാക്കാൻ കഴിയില്ലെന്ന് അധികൃതർക്ക് ഉറപ്പിക്കേണ്ടിയും വന്നു.



ദുരന്തം നടന്നതിന് ശേഷമുള്ള രണ്ടാഴ്ച ജപ്പാൻ നേരിട്ടത് വലിയ അഗ്നിപരീക്ഷയായിരുന്നു. നിരന്തരമായ വെള്ളം കുത്തിവയ്ക്കുന്നതിലൂടെ 1 മുതൽ 3 വരെയുള്ള റിയാക്ടറുകളെ എങ്ങനെയെങ്കിലും സ്ഥിരപ്പെടുത്താനായിരുന്നു അവരുടെ ശ്രമം. അത് വിജയിച്ചു. ജൂലൈ മാസമായപ്പോഴേക്കും പുതുതായി നിർമ്മിച്ച ഒരു ശുദ്ധീകരണ കേന്ദ്രത്തിൽ നിന്നുള്ള പുനരുപയോഗ ജലം ഉപയോഗിച്ച് റിയാക്ടറുകളെ തണുപ്പിക്കുന്നതിൽ അവർ വിജയം കണ്ടു. ഒടുവിൽ ഡിസംബർ മധ്യത്തിൽ ലോകത്തിന് ആശ്വാസമേകി കൊണ്ട് ആ ഔദ്യോഗിക പ്രഖ്യാപനം വന്നു—റിയാക്ടറുകൾ “കോൾഡ് ഷട്ട്ഡൗൺ അവസ്ഥ” കൈവരിച്ചിരിക്കുന്നു.


എന്നാൽ തണുപ്പിക്കുക എന്നത് പരിഹാരത്തിന്റെ ഒരു വശം മാത്രമായിരുന്നു. കേടായ റിയാക്ടറുകളിൽ നിന്ന് റേഡിയോ ആക്ടീവ് മലിനജലം പുറത്തേക്ക് ചോരുന്നത് തടയുക എന്നത് അതിനേക്കാൾ വലിയ വെല്ലുവിളിയായി 2013-ൽ വീണ്ടും ജപ്പാനെ പിടിച്ചുലച്ചു.



ഫുകുഷിമ ദുരന്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്, ആ ആണവ വിസ്ഫോടനവുമായി നേരിട്ട് ബന്ധപ്പെട്ട് അന്ന് ആരും മരിച്ചിട്ടില്ല എന്നതാണ്. റേഡിയേഷൻ രോഗം മൂലം ആരും തൽക്ഷണം വീണില്ല. എന്നാൽ ആ അദൃശ്യ ശത്രുവിനെ ഭയന്ന് ഒരു ലക്ഷത്തിലധികം ആളുകളെയാണ് ആ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്.


സുനാമിയിലും ഭൂകമ്പത്തിലുമായി 19,500 പേർ മരിച്ചപ്പോൾ, ഫുകുഷിമയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവരിൽ 2,313 പേർ ആ ദുരന്തവുമായി ബന്ധപ്പെട്ട മാനസികവും ശാരീരികവുമായ ആഘാതങ്ങൾ കാരണം മരണപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ആയിരങ്ങളുടെ കണ്ണുനീർ ഇന്നും ആ തീരങ്ങളിൽ അവശേഷിക്കുന്നുണ്ട്.



ഫുകുഷിമ നൽകിയ പാഠം മറക്കാൻ ജപ്പാന് കഴിയില്ല. എന്നാൽ 15 വർഷങ്ങൾക്കിപ്പുറം, ഊർജ്ജ പ്രതിസന്ധിയും മാറുന്ന ലോകസാഹചര്യങ്ങളും ജപ്പാനെ വീണ്ടും ആണവോർജ്ജത്തിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം പുനരാരംഭിക്കാൻ ജപ്പാൻ ഒരുങ്ങുമ്പോൾ അത് ആശങ്കയോടെയാണ് ലോകം നോക്കുന്നത്. പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ നിർമ്മിച്ച വൻമതിലുകൾ എത്രമാത്രം നിസ്സാരമാണെന്ന് ഫുകുഷിമ നമ്മെ ഓർമ്മിപ്പിച്ചു. എങ്കിലും, ആ ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കാനാണ് ജപ്പാന്റെ ശ്രമം. സുരക്ഷയുടെ പുതിയ കവചങ്ങൾ ആ വിനാശകാരിയായ ഊർജ്ജത്തെ മെരുക്കാൻ ജപ്പാനെ സഹായിക്കുമോ? അതോ ചരിത്രം വീണ്ടും ആവർത്തിക്കുമോ? കാലം ഇതിന് ഉത്തരം നൽകും.




Feedback and suggestions