ടെക്‌സസിനെ ഡല്‍ഹിയോ കൊല്‍ക്കത്തയോ ഹൈദരാബാദോ ആക്കി മാറ്റാന്‍ സമ്മതിക്കില്ല: ഇന്ത്യക്കാര്‍ക്കെതിരേ റിപ്പബ്ലിക്കന്‍ നേതാവ്


21, January, 2026
Updated on 21, January, 2026 7


വാഷിംഗടണ്‍: കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന നടപടികളുമായി ട്രംപ് ഭരണകൂടം മുന്നേറുന്നതിനിടെ ഇന്ത്യക്കാര്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ടെക്‌സസിലെ റിപ്പബ്ലിക്കന്‍ നേതാവ് .ടെക്‌സസില്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആരോണ്‍ റീറ്റ്‌സ് ആണ് രംഗത്തെത്തിയിരിക്കുന്നത്.


താന്‍ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ടെക്‌സസിലെ കൗണ്ടികളെ കൊല്‍ക്കത്തയോ ഡല്‍ഹിയോ ഹൈദരാബാദോ ആക്കി മാറ്റാന്‍ അനുവദി ക്കില്ലെന്നാണ് ആരോണിന്റെ പ്രതികരണം. ഒപ്പം എച്ച്1ബി വിസ ഉപയോഗിച്ചുള്ള തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കുമെന്നും അത്തരം തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോണ്‍ റീറ്റ്‌സ് വ്യക്തമാക്കി.


വന്‍ തോതിലുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തെ തുടര്‍ന്ന് കോളിന്‍, ഡാളസ്, ഹാരിസ് കൗണ്ടികള്‍ക്ക് കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് എന്നിങ്ങനെ പേരു മാറ്റേണ്ടി വന്നേക്കാം. ആഗോള കോര്‍പറേഷനുകള്‍ അമേരിക്കന്‍ സാമ്പത്തിക സാഹചര്യങ്ങള്‍ ചൂഷണം ചെയ്യാന്‍ ടെക്‌സസിലേക്ക് വരുന്നതായും

എച്ച്1ബി വിസ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്നും ആരോണ്‍ ഹീറ്റ്‌സ് ആഹ്വാനം ചെയ്തു.


അതേസമയം ആരോണ്‍ റീറ്റ്‌സിനെതിരെ ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ആരോണ്‍ റീറ്റ്‌സിന്റെ വിദ്വേഷ പ്രചാരണത്തെ ഇന്ത്യന്‍-അമേരിക്കന്‍ അഡ്വക്കസി കൗണ്‍സില്‍ സ്ഥാപകനായ സിദ്ധാര്‍ഥ് വിമര്‍ശിച്ചു. കണക്കുകള്‍ പ്രകാരം ടെക്‌സസില്‍ 5,44,641 ഇന്ത്യന്‍ വംശജരാണുള്ളത്. അമേരിക്കയിലെ ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 11.2 ശതമാനം ടെക്‌സസിലാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.




Feedback and suggestions