21, January, 2026
Updated on 21, January, 2026 10
കാനഡയേയും ഗ്രീന്‍ലന്‍ഡിനെ ഉള്‍പ്പെടുത്തി അമേരിക്കയുടെ പുതിയ ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളി. ആര്‍ട്ടിക് ദ്വീപിനെയും കാനഡയെയും വെനസ്വേലയെയും അമേരിക്കന്‍ പ്രദേശങ്ങളായി കാണിച്ച് നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സഖ്യകക്ഷികളെ പരിഹസിക്കുന്ന ചിത്രമാണ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കുവെച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ തുടങ്ങിയവര്‍ ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായും പശ്ചാത്തലത്തില്‍ പുതുക്കിയ ഒരു ഭൂപടം വീക്ഷിക്കുന്നതുമായ ചിത്രമാണ് പ്രകോപനപരമായി ട്രംപ് പങ്കുവെച്ചിരിക്കുന്നത്.
മറ്റൊരു പോസ്റ്റില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പം ഗ്രീന്‍ലന്‍ഡില്‍ യുഎസ് പതാക ഉയര്‍ത്തുന്ന ട്രംപിന്റെ ചിത്രവും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കുവെച്ചിട്ടുണ്ട്. സമീപത്തെ ഒരു ബോര്‍ഡില്‍ എഴുതിയിരുന്നതിങ്ങനെ- ഗ്രീന്‍ലാന്‍ഡ്, യുഎസ് ടെറിട്ടറി, എസ്റ്റാബ്ലിഷ്ഡ് ഇന്‍ 2026 ട്രൂത്ത് സോഷ്യലിലും മീറ്റിംഗുകളിലും കാനഡ യുഎസിലെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്ന് ട്രംപ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വന്‍തോതിലുള്ള യുഎസ് ‘സബ്സിഡികള്‍’ഇല്ലെങ്കില്‍, കാനഡ ഒരു ‘പ്രായോഗിക രാജ്യം’ എന്ന നിലയില്‍ നിലനില്‍ക്കില്ല എന്നതാണ് ട്രംപിന്റെ വാദം. കാനഡ 51-ാമത്തെ സംസ്ഥാനമാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ച ട്രംപ്, ‘കാനഡയ്ക്കായി പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നതിനാല്‍ കാനഡ 51-ാമത്തെ സംസ്ഥാനമാകുന്നതാണ് കൂടുതല്‍ നല്ലതെന്ന് കരുതുന്നുവെന്നും അല്ലാതെ പണം പോകുന്നത് സംഭവിക്കാന്‍ താന്‍ അനുവദിക്കില്ല’ എന്ന് പറഞ്ഞിരുന്നു.
നേരത്തെ, ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വലിയ എതിര്‍പ്പ് കാണിക്കില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഫ്‌ലോറിഡയില്‍ സംസാരിക്കവെ, റഷ്യന്‍, ചൈനീസ് സ്വാധീനത്തെ ചെറുക്കാന്‍ ഗ്രീന്‍ലന്‍ഡ് ഒരു ദേശീയസുരക്ഷ ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു, ഡെന്മാര്‍ക്കിന് പ്രതിരോധ ശേഷിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു.