സ്പെയിനിലെ ട്രെയിൻ ദുരന്തം; വില്ലനായത് പാളത്തിലെ ‘ഫിഷ് പ്ലേറ്റ്’, വിള്ളലിൽ തട്ടി ട്രെയിൻ പാളം തെറ്റിയതെന്ന് കണ്ടെത്തൽ


20, January, 2026
Updated on 20, January, 2026 18


മാഡ്രിഡ്: സ്പെയിനിൽ 40 പേരുടെ മരണത്തിനിടയാക്കിയ അതിവേഗ ട്രെയിൻ അപകടത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ പുറത്ത്. റെയിൽ പാളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകൾ തെന്നിമാറിയതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാളത്തിലെ ജോയിന്റുകളിൽ ഉണ്ടായ ഈ സാങ്കേതിക തകരാർ മൂലം രൂപപ്പെട്ട വിള്ളലിൽ കയറിയാണ് ട്രെയിൻ നിയന്ത്രണം വിട്ട് പാളം തെറ്റിയത്. കുറച്ച് കാലമായി റെയിൽപാളത്തിൽ ഈ തകരാറുണ്ടായിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.


ഞായറാഴ്ച രാത്രി മാഡ്രിഡിൽ നിന്ന് 360 കിലോമീറ്റർ അകലെയുള്ള അഡാമുസിലാണ് യൂറോപ്പിനെ നടുക്കിയ അപകടമുണ്ടായത്. ഇറ്യോ എന്ന സ്വകാര്യ കമ്പനിയുടെ അതിവേഗ ട്രെയിൻ പാളം തെറ്റുകയും സമാന്തര പാളത്തിലൂടെ വരികയായിരുന്ന മറ്റൊരു അതിവേഗ ട്രെയിനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാളം തെറ്റിയ ട്രെയിനിന്റെ മുൻ കംപാർട്ട്‌മെന്റുകളിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.


പാളത്തിലെ ഫിഷ് പ്ലേറ്റുകൾ തെന്നിമാറിയ നിലയിലായിരുന്നു. കുറച്ചു കാലമായി ഈ തകരാർ അവിടെ ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ ഡ്രൈവറുടെയോ മറ്റ് ജീവനക്കാരുടെയോ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് സ്പാനിഷ് റെയിൽ ഓപ്പറേറ്റർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടന്നിരുന്നു. മെയ് മാസത്തിലാണ് കംപാർട്ട്മെന്റുകൾ പുതുക്കിയത്. ജനുവരി 15-ന് ഹിറ്റാച്ചി റെയിൽ പതിവ് പരിശോധന പൂർത്തിയാക്കിയ അത്യാധുനിക ഫ്രെസിയാറോസ 1000 എന്ന ട്രെയിനാണിത്. ദുരന്തസ്ഥലം സ്പെയിൻ പ്രധാനമന്ത്രിയും ഗതാഗത മന്ത്രിയും സന്ദർശിച്ചു. ആധുനിക കാലത്ത് യൂറോപ്പ് കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നായി മാറിയിരിക്കുകയാണിത്.




Feedback and suggestions