19, January, 2026
Updated on 19, January, 2026 14
വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡില് അമേരിക്ക സൈനീക നടപടിക്കായി നീക്കം നടത്തുന്നുവെന്ന പ്രചാരണം ശക്തമായിരിക്കെ നാറ്റോ സെക്യൂരിറ്റി ജനറല്‍ മാര്‍ക്ക് റുട്ടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചനടത്തി. മാര്‍ക്ക് റുട്ടെ തന്നെ എക്‌സ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആഴ്ച അവസാനം ദാവോസില്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റൂട്ട് വെളിപ്പെടുത്തിയില്ല.ഗ്രീന്‍ലാന്‍ഡ് തങ്ങളുടെ ജനതയുടേതാണെന്നും ഭാവി ബന്ധങ്ങള്‍ അവര്‍ തീരുമാനിക്കുമെന്നും ഡെന്‍മാര്‍ക്ക് ഉറച്ചുനില്‍ക്കുകയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകമാണെന്ന് വാദിച്ച് ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ പുതുക്കിയ ശ്രമം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
തന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അധിക താരിഫ് ചുമത്തുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടണ്‍, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെ എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ യുഎസ് ഇതിനകം 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
റഷ്യയും ചൈനയും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്ന അവകാശവാദത്തോടെയാണ് ട്രംപ് താരിഫുകള്‍ പ്രഖ്യാപിച്ചത്. ഡെന്‍മാര്‍ക്കിനും യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങള്‍ സബ്സിഡി നല്‍കിയിട്ടുണ്ടെന്നും അത് നിര്‍ത്തലാക്കുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനയും റഷ്യയും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും ഡെന്‍മാര്‍ക്കിന് അതിനെ ചെറുക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.