18, January, 2026
Updated on 18, January, 2026 15
അമേരിക്കയിലെ മിനസോട്ടയിൽ ഐസിഇ (Immigration and Customs Enforcement) ഉദ്യോഗസ്ഥർ ഒരു സ്ത്രീയെ വെടിവെച്ചുകൊന്നതിനെത്തുടർന്ന് പ്രക്ഷോഭം അതിരൂക്ഷമാകുന്നു. പ്രതിഷേധം നിയന്ത്രണാതീതമായ സാഹചര്യത്തിൽ, ആവശ്യമെങ്കിൽ വിന്യസിക്കുന്നതിനായി ഏകദേശം 1,500 സൈനികരോട് സജ്ജരാകാൻ പെന്റഗൺ നിർദ്ദേശം നൽകി. വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈനിക ഇടപെടൽ വേണ്ടിവന്നേക്കുമെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സംഭവം ഗൗരവകരമായതോടെ മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി ‘ഇൻസറക്ഷൻ ആക്ട്’ (Insurrection Act) പ്രയോഗിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. രാജ്യത്തെ ക്രമസമാധാനം തകർക്കുന്ന നീക്കങ്ങളെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ മുതലുള്ള സംഭവവികാസങ്ങളുടെ തുടർച്ചയായി മിനസോട്ടയിലെ തെരുവുകളിൽ ജനരോഷം ആഞ്ഞടിക്കുകയാണ്.യുഎസിലെ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന ഫെഡറൽ ഏജൻസിയായ ഐസിഇയുടെ നടപടികൾക്കെതിരെ നേരത്തെയും വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. നിലവിലെ വെടിവെപ്പ് സംഭവത്തോടെ മനുഷ്യാവകാശ പ്രവർത്തകരും കുടിയേറ്റ വിഭാഗങ്ങളും വലിയ രീതിയിലുള്ള പ്രതിഷേധത്തിലാണ്. ഫെഡറൽ സേനയും സാധാരണക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.