17, January, 2026
Updated on 17, January, 2026 20
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പയര്‍ ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയതായും ഇത് ഒഴിവാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്നും അമേരിക്കന്‍ സെനറ്റര്‍മാര്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പയറിന് ചുങ്കം ചുമത്തുന്നതായും എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പുറത്ത് അറിയിച്ചില്ലെന്നും നോര്‍ത്ത് ഡക്കോട്ടയില്‍ നിന്നുള്ള സെനറ്റര്‍ കെവിന്‍ ക്രാമറും മൊണ്ടാനയില്‍ നിന്നുള്ള സ്റ്റീവ് ഡെയ്ന്‍സും ചൂണ്ടിക്കാട്ടി.ഇതോടെ ഇന്ത്യ അമേരിക്ക വ്യാപാരകരാറില്‍ പയറും സങ്കീര്‍ണമായ ചര്‍ച്ചവിഷയമാകുമെന്നുറപ്പായി.
കഴിഞ്ഞ വര്‍ഷം ട്രംപ് ഇന്ത്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയ്ക്കുള്ള പ്രതികാരമായിട്ടാണ് ഇന്ത്യയുടെ ഈ നടപടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഇന്ത്യ യുഎസ് പയറിന് 30 ശതമാനം തീരുവ ചുമത്തിയതായും നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും കത്തില്‍ പറയുന്നു. ഇന്ത്യയുടെ ഈ നീക്കം സര്‍ക്കാര്‍ അന്ന് പരസ്യമാക്കിയില്ലെന്നും സെനറ്റര്‍മാന്‍ പ്രസിഡന്റ് ട്രംപിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാറിന് മുമ്പ് അമേരിക്കന്‍ പയര്‍വര്‍ഗങ്ങള്‍ക്കും പയറിനും മികച്ച വിപണി പ്രവേശനം ഉറപ്പാക്കണമെന്ന് സെനറ്റര്‍മാര്‍ ട്രംപിനോട് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 30 ന് ഇന്ത്യ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ഞ പയറുകള്‍ക്ക് 30 തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതല്‍ താരിഫ് പ്രാബല്യത്തില്‍ വന്നു. അന്യായമായ ഇന്ത്യന്‍ താരിഫുകളുടെ ഫലമായി, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ യുഎസ് പയര്‍വര്‍ഗ ഉല്‍പാദകര്‍ക്ക് കാര്യമായ നഷ്ടം സംഭവിക്കുന്നതായും ജനുവരി 16 ന് എഴുതിയ കത്തില്‍ പറയുന്നു.അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പയറും പയര്‍വര്‍ഗങ്ങളും ഉത്പാദിപ്പിക്കുന്ന നോര്‍ത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാര്‍ഷിക സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയം പ്രധാനമാണ്. അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പയര്‍ വര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.