അമേരിക്ക പിൻമാറിയത് റഷ്യൻ ഇടപെടലിൽ, ആക്രമണത്തിന് ‘തിരക്കഥ’ രചിച്ച ഇസ്രയേലിനെയും വിരട്ടിയ ക്ലൈമാക്സ് !


17, January, 2026
Updated on 17, January, 2026 10


ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് , ഇപ്പോൾ ആ നീക്കത്തിൽ നിന്നും പിൻവാങ്ങുന്നതിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നതെങ്കിലും യാഥാർത്ഥ്യം മറ്റു ചിലതാണ്.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡയിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും ഇറാനിൽ പ്രക്ഷോഭം പൊട്ടി പുറപ്പെട്ടിരുന്നത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്താൻ പൊറുതിമുട്ടിയ ഇറാനിൽ, അസംതൃപ്തരായ ജനങ്ങൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ അസംതൃപ്തരിൽ ഒരു വിഭാഗത്തെ ഒപ്പം നിർത്തി, ഇറാൻ ഭരണ കൂടത്തെ പൊളിക്കാനുള്ള പദ്ധതിക്ക് പച്ച കൊടി കാണിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നത്. അവിടെ വച്ചാണ് ഇറാനെ ആക്രമിക്കാനുള്ള ഗൂഢാലോചന രൂപപ്പെടുന്നത്. ഈ കൂടി കാഴ്ചയിൽ, മൊസാദിൻ്റെയും സി.ഐ.എയുടെയും തലവൻമാർ കൂടി പങ്കെടുത്തിരുന്നു എന്നതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ഇവരെ എല്ലാവരെയും ഏറെ ആശങ്കപ്പെടുത്തിയതും, ഭയന്നതും, ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച ആശങ്കകൾ തന്നെയാണ്. അറ് മാസം മുൻപ് നടന്ന സംഘർഷത്തിൽ ഇതൊന്നും നശിപ്പിക്കാൻ സാധിക്കാത്തതിനാൽ, ഇറാൻ ആണവായുധം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ, ഇസ്രയേലിന് മാത്രമല്ല, അമേരിക്കയ്ക്കും ഇറാനെതിരെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന കാര്യമാണ് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയിരുന്നത്. അതുകൊണ്ടാണ് ഇറാനിൽ ഒരു ഭരണമാറ്റം എന്ന പദ്ധതിയിലേക്ക് കാര്യങ്ങൾ എത്തിയത്.വെനസ്വേല പ്രസിഡൻ്റിനെ തട്ടി കൊണ്ടു വന്നത് പോലും യഥാർത്ഥത്തിൽ ഇറാനിലെ സർക്കാർ വിരുദ്ധരിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു. മഡൂറയെ തട്ടി കൊണ്ട് വന്നത് പോലെ, ആയത്തുള്ള അലി ഖമേനിയെയും തട്ടികൊണ്ട് വന്ന് ഭരണമാറ്റം സാധ്യമാക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.


ആറ് മാസം മുൻപ് നടന്ന സംഘർഷം തന്നെ ഇസ്രയേലിനെ ശരിക്കും പാഠം പഠിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് ഒരു മിസൈലും വീഴില്ലെന്ന് പറഞ്ഞ നെതന്യാഹുവിൻ്റെ നാട്ടിൽ, ഇറാൻ്റെ ബാലസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ പതിച്ച് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇസ്രയേൽ ഒരു ബങ്കർ രാജ്യം അല്ലായിരുന്നു എങ്കിൽ, എത്ര പേർ കൊല്ലപ്പെടുമായിരുന്നു എന്നത് നമുക്കാർക്കും ഊഹിക്കാൻ പോലും പറ്റുകയില്ല.ഇസ്രയേൽ പരസ്യമായി വെല്ലുവിളി നടത്താതിരുന്നതിന് ഒരു കാരണം ഇതാണ്. രണ്ടാമത്തെ കാരണം, അവർ ആഗ്രഹിക്കുന്ന ഒരു ഭരണമാറ്റം ഇറാനിൽ സംഭവിക്കണമെങ്കിൽ, ജൂത രാഷ്ട്രമായ ഇസ്രയേൽ ആദ്യം മാറി നിൽക്കണമെന്നത് നെതന്യാഹുവിന് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലല്ലോ ? ഇസ്രയേൽ മറുവശത്ത് ഉണ്ടെങ്കിൽ, ഇറാൻ ജനതയെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് കണ്ട് കൂടിയാണ് അവർ മാറി നിന്ന് പിന്നിൽ നിന്നും കളിച്ചിരിക്കുന്നത്. അതായത്, നേരിട്ട് അഭിനയിച്ചിട്ടില്ലെങ്കിലും ഈ സംഘർഷത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും എല്ലാം ഇസ്രയേലിൻ്റേത് തന്നെയാണ്.



അത് കൃത്യമായി അറിയുന്നത് കൊണ്ടാണ് അമേരിക്ക ഇറാനെ ആക്രമിച്ചാൽ, ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നത്. ഒരു പടി കൂടി കടന്ന്, പശ്ചിമേഷ്യയിലെ മുഴുവൻ അമേരിക്കൻ താവളങ്ങൾ കത്തിക്കുമെന്നും ഇറാൻ വ്യക്തമാക്കിയതും രണ്ടും കൽപ്പിച്ച് തന്നെയാണ്. ഇറാൻ്റെ മിസൈൽ ശേഷിയെ കുറിച്ച് കൃത്യമായി ബോധ്യമുണ്ടായിയിരുന്ന അമേരിക്കൻ സൈനിക നേതൃത്വം പതറി പോയത് ഇറാൻ്റെ ഈ മുന്നറിയിപ്പിലാണ്.ഇറാനിൽ അധിനിവേശം നടത്താൻ പറ്റിയ സാഹചര്യമാണെന്നും, മൊസാദ് എല്ലാം കൃത്യമായി ചെയ്ത് വച്ചിട്ടുണ്ടെന്നുമുള്ള നെതന്യാഹുവിൻ്റെ വാക്ക് വിശ്വസിച്ച്, ഇറാനെ ആക്രമിക്കാൻ നിർദ്ദേശം നൽകിയ ട്രംപിനെ സംബന്ധിച്ച് സ്വന്തം സൈനിക തലവൻമാരിൽ നിന്നുണ്ടായ നിസഹകരണം തികച്ചും അപ്രതീക്ഷിതമാണ്.



യുദ്ധകപ്പലുകൾ മിക്കതും അറ്റകുറ്റ പണിയിലാണെന്നും, ഇറാനിൽ നിന്നും വലിയ തിരിച്ചടി ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണ് സൈനിക നേതൃത്വം നൽകിയതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാന് കൃത്യതയാർന്ന ആക്രമണം നടത്താൻ ആവശ്യമായ ഇൻ്റലിജൻസ് വിവരങ്ങളും, ടെക്നോളജിയും റഷ്യയും ചൈനയും നൽകുന്നുണ്ടെന്ന വിവരം സി.ഐ.എ ഉന്നതരും ട്രംപിനെ അറിയിച്ചിട്ടുണ്ട്. ഇത്തരം ഒരു സമ്മർദ്ദം അമേരിക്കയ്ക്ക് അകത്ത് നിന്നും ട്രംപ് നേരിടുമ്പോൾ തന്നെ, ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ സഖ്യകഷികളിൽ നിന്നുള്ള വലിയ സമ്മർദ്ദവും അമേരിക്കൻ പ്രസിഡൻ്റിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. പശ്ചിമേഷ്യ തന്നെ കുരുതിക്കളമാക്കാനുള്ള സൈനിക ശേഷി ഇറാനുണ്ട് എന്നത് ഏറ്റവും നന്നായി അറിയാവുന്നതും, ഈ രാജ്യങ്ങൾക്കാണ്.ഭൂമി ശാസ്ത്രപരമായി തന്നെ, മലകളാൽ വലയം ചെയ്യപ്പെട്ട ഇറാൻ ശത്രു രാജ്യങ്ങളെ സംബന്ധിച്ച് ഒരു കെണിയാണ്. അവിടെ ചാടി കൊടുത്താൽ, അമേരിക്കൻ സൈനികരായാലും പിന്നെ തിരിച്ചു വരിക പ്രയാസമാണ്. യുദ്ധം ചെയ്ത് ശരിക്കും പരിചയമുള്ള ഒരു പാരമ്പര്യമുള്ള രാജ്യമാണ് ഇറാൻ, അവർ അങ്ങനെയൊന്നും ഭയക്കുകയില്ല. ഇറാനിൽ ഇറങ്ങിയാൽ, വിയറ്റ്നാമിൽ ഉണ്ടായതിനേക്കാൾ വലിയ നഷ്ടമാണ് അമേരിക്കൻ സൈന്യത്തിന് ഉണ്ടാകുക. അതു കൊണ്ട് കൂടിയാണ് പ്രസിഡൻ്റിനോട് തന്നെ, അമേരിക്കൻ സൈനിക നേതൃത്വം ഇപ്പോൾ നോ പറഞ്ഞിരിക്കുന്നത്. ഒരടി അമേരിക്കയ്ക്ക് ഇറാനിൽ നിന്നും കിട്ടിയാൽ, പിന്നെ അടിയോട് അടി തന്നെ ആയിരിക്കും. അത്രയ്ക്കും വെറുപ്പും ദേഷ്യവും ലോക രാജ്യങ്ങൾക്ക് അമേരിക്കയോടുണ്ട്. അവരും ഒരു അവസരത്തിനായാണ് കാത്ത് നിൽക്കുന്നത്.



ഇറാനെ ആക്രമിക്കുന്നതിൽ നിന്നും അമേരിക്കയെ പിന്തിരിപ്പിച്ചതിന് പിന്നിലും ചില ഇടപെടലുകളുണ്ടായിട്ടുണ്ട്. അത് റഷ്യയുടെ ഇടപെടലാണ്. ഇസ്രയേലിൻ്റെ തിരക്കഥയാണ് ട്രംപ് നടപ്പാക്കാൻ പോകുന്നത് എന്ന് അറിയാവുന്ന റഷ്യ, ആദ്യം വിളിച്ചത് ഇസ്രയേലിനെയാണ്. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടായാൽ റഷ്യ ഇടപെടുമെന്ന് മാത്രമല്ല, ഇറാനുമായി വേണ്ടി വന്നാൽ സൈനിക കരാർ ഉണ്ടാക്കുമെന്നുമുള്ള മുന്നറിയിപ്പാണ് റഷ്യ നൽകിയത് എന്നാണ് പുറത്ത് വരുന്ന വിവരം. തങ്ങളെ ഇറാൻ ആക്രമിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കില്ലെന്ന് ഇസ്രയേൽ റഷ്യക്ക് ഉറപ്പ് നൽകിയതും ഇതോടെയാണ്. നിലവിലുള്ള ശത്രുതക്കും പ്രാദേശിക സംഘർഷങ്ങൾക്കും ഇടയിലുണ്ടായ ഒരു അസാധാരണമായ നയതന്ത്രബന്ധത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.




Feedback and suggestions