യുദ്ധഭീതി ഒഴിഞ്ഞു ഇടപെട്ടത് ഗള്‍ഫ് രാഷ്ട്രങ്ങള്‍; സമ്മര്‍ദ്ദത്തിനുമുന്നില്‍ ട്രംപിന് വഴങ്ങേണ്ടി വന്നു


16, January, 2026
Updated on 16, January, 2026 18


ജിദ്ദ/ദോഹ: ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ഇറാനെ ആക്രമിക്കുകയും അതുവഴി പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കിയത് ഗൾഫ് രാഷ്ട്രങ്ങളുടെ സമയോചിത ഇടപെടൽ. ട്രംപിന്റെ ആക്രമണ നീക്കം തടയാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള നാല് അറബ് രാജ്യങ്ങൾ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. മേഖലയിൽ വലിയ തോതിലുള്ള അസ്ഥിരതയുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ വാഷിംഗ്‌ടണുമായും തെഹ്റാനുമായും നിരന്തരം ചർച്ചകൾ നടത്തി. ഈ നയതന്ത്ര നീക്കമാണ് വിജയത്തിലെത്തിയത്.


 *അറബ് രാജ്യങ്ങളുടെ ഇടപെടൽ* 

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അതിവേഗത്തിലുള്ള ചർച്ചകളാണ് അറബ് രാജ്യങ്ങൾ നടത്തിയത്. ഇറാന് മേലുള്ള ഏതൊരു ആക്രമണവും മേഖലയുടെ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും അത് ഒടുവിൽ അമേരിക്കയെ തന്നെ ബാധിക്കുമെന്നും യു.എസിന്റെ അടുത്ത സഖ്യരാജ്യങ്ങൾ കൂടിയായ ഇവർ ട്രംപിനെ അറിയിച്ചു.


അമേരിക്കൻ ആക്രമണത്തിന് പകരമായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകിയാൽ, അത് ഇതര അറബ് രാജ്യങ്ങളുമായുള്ള ഇറാൻ്റെ ബന്ധത്തെ തകർക്കുമെന്ന് ഈ നാല് രാജ്യങ്ങളും തെഹ്റാനെയും ഓർമിപ്പിച്ചു. അത് മേഖലയിൽ ഇറാൻ ഒറ്റപ്പെടാൻ കാരണമാകുമെന്നും അവർ ധരിപ്പിച്ചു.

പ്രക്ഷോഭകർക്കെതിരേ കടുത്ത നടപടിയെടുക്കുന്നത് നിർത്തിയാൽ ആക്രമിക്കില്ലെന്ന് ട്രംപും നിലപാടെടുത്തു. ഇറാനിൽ പ്രക്ഷോഭകർ കൊല്ലപ്പെടുന്നത് കുറഞ്ഞുവരുന്നതായി സൂചിപ്പിച്ചുകൊണ്ട്, നിലവിൽ ആക്രമണം വേണ്ടെന്ന തീരുമാനത്തിൽ ഡൊണാൾഡ് ട്രംപ് എത്തുകയായിരുന്നു. 'കൊലപാതകങ്ങൾ നിലച്ചതായി വിവരം ലഭിച്ചു' എന്ന് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.


 




Feedback and suggestions