8, January, 2026
Updated on 8, January, 2026 34
പാരീസ്: ഇന്ത്യയ്‌ക്കെതിരേ അമേരിക്ക നടപ്പാക്കുമെന്നു പ്രഖ്യാപിച്ച 500 ശതമാനം താരിഫില്‍ ഇന്ത്യയെ പിന്തുണച്ച് പോളണ്ട് രംഗത്ത്. റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് യുഎസ് 500 ശതമാനം നികുതി ഈടാക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
അമേരിക്ക താരിഫ് ഭീഷണികള്‍ രൂക്ഷമാക്കിയതിനു പിന്നാലെയാണ് പോളണ്ട് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നതെന്നു ശ്രദ്ധേയമാണ്. പാരീസില്‍പോളിഷ് വിദേശകാര്യ മന്ത്രി റഡോസോ സിക്കോര്‍സ്‌കിയാണ് ഇന്ത്യയെ പിന്തുണച്ചു രംഗത്തു വന്നത്. ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചതില്‍ താന്‍ സംതൃപ്തനാണെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും മറ്റ് യൂറോപ്യന്‍ നേതാക്കള്‍ക്കും ഒപ്പം നിന്നുകൊണ്ട് സിക്കോര്‍സ്‌കി പറഞ്ഞു.അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്ന പശ്ചാത്തലത്തിലാണ് സിക്കോര്‍സിയുടെ പരാമര്‍ശങ്ങള്‍ .ട്രംപ് നേരത്തെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പരസ്പര താരിഫ് ചുമത്തിയിരുന്നു, കൂടാതെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക പിഴയും ചുമത്തിയിരുന്നു. ഇത് ചില ഉല്‍പ്പന്നങ്ങളുടെ മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ത്തി.
അടുത്തിടെ നടത്തിയ പ്രസ്താവനകളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഞാന്‍ സന്തുഷ്ടനല്ലെന്ന് അറിയാമായിരുന്നു’ എന്ന് പറഞ്ഞ ട്രംപ് കൂടുതല്‍ നടപടികളെക്കുറിച്ച് സൂചന നല്‍കി. താരിഫ് ‘വളരെ വേഗത്തില്‍ 500 ശഥമാനം വരെ ഉയര്‍ത്താമെന്ന മുന്നറിയിപ്പും നല്കി.