22, November, 2026
Updated on 22, November, 2026 9
സറെയ്: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിൽ വാൾമാർട്ട് സ്റ്റോറിന് പുറത്ത് നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഗഗൻപ്രീത് റെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്. നവംബർ 15ന് രാത്രിയിലായിരുന്നു സംഭവം. വെടിയേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട രണ്ടുപേരും സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും ദമ്പതികളാണെന്നും റിപ്പോർട്ടുകളുണ്ട്. ഗഗൻപ്രീത് റെഹാലിനെതിരെ നേരത്തെ ആയുധവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കേസുകളുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ സുഖ്ജീത് കൗറിന് കാനഡയിൽ മറ്റ് ക്രിമിനൽ ബന്ധങ്ങളുള്ളതായി വിവരങ്ങളില്ലെന്നാണ് റിപ്പോർട്ട്.ആക്രമണം വ്യക്തികളെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാകാമെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിന് പിന്നിലെ കാരണവും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.