21, November, 2026
Updated on 21, November, 2026 4
വാഷിങ്ടണ്‍/ ടെല്‍ അവീവ്: ഇറാനെതിരെ വീണ്ടും സംയുക്ത സൈനിക നീക്കം നടത്തുന്നതിനെച്ചൊല്ലി അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. ഇറാനെതിരെ പുതിയ വ്യോമാക്രമണം അനിവാര്യമാണെന്ന നിലപാടില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറച്ചുനില്‍ക്കുമ്പോള്‍, സൈനിക നടപടിക്ക് ഇപ്പോള്‍ തിടുക്കമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
നാല് മുതല്‍ ഏഴ് ദിവസം വരെ നീളുന്ന വ്യോമാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന മന്ത്രിമാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാനെതിരായ സൈനിക നീക്കം ഒഴിവാക്കാനാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡും ഇസ്രയേല്‍ സൈന്യവും പുതിയ ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും തീയതി മാത്രമാണ് തീരുമാനിക്കാനുള്ളതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ആഭ്യന്തര രാഷ്ട്രീയത്തില്‍ ദുര്‍ബലമായ തന്റെ നില ഭദ്രമാക്കാനാണ് നെതന്യാഹു യുദ്ധം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നതെന്ന് ഇസ്രയേലിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. ഈ ആരോപണം നെതന്യാഹു നിഷേധിച്ചിട്ടുണ്ട്. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ തിടുക്കമില്ലെന്നും പുതുവര്‍ഷത്തിന്റെ തുടക്കത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും 'ആക്‌സിയോസി'ന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ശേഷികള്‍ വീണ്ടെടുത്തതായും രാസ, ജൈവായുധ പദ്ധതികളില്‍ മുന്നേറുന്നതായുമുള്ള ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ അമേരിക്ക പരിശോധിക്കുന്നുണ്ടെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. പുതിയ ആക്രമണ സാധ്യതകള്‍ വിലയിരുത്താന്‍ പെന്റഗണിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം ഉണ്ടാകാത്ത വിധത്തില്‍ എങ്ങനെ സൈനിക നീക്കം നടത്താമെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പരിശോധിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനുമേല്‍ സമ്മര്‍ദം തുടരാനാണ് അമേരിക്കയുടെ നീക്കം. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് ആവര്‍ത്തിച്ചു.
അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നോ തുടരുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാക്കണമെന്നോ ആവശ്യപ്പെടുന്ന പ്രമേയം വ്യാഴാഴ്ച അമേരിക്കന്‍ സെനറ്റ് തള്ളി. 48 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും കടുത്ത സൈനിക നടപടിയെക്കുറിച്ചും ട്രംപ് മാറിമാറി നടത്തുന്ന പ്രസ്താവനകള്‍ മേഖലയിലെ സാഹചര്യത്തെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്