പാലിസേഡ്‌സ് കാട്ടുതീ: മനഃപൂർവം തീയിട്ട പ്രതി കുറ്റക്കാരനെന്ന് കോടതി


21, November, 2026
Updated on 21, November, 2026 6


വാഷിംഗ്ടൺ: കാലിഫോർണിയയിൽ 2025-ൽ വൻ നാശനഷ്ടങ്ങൾക്കും 12 പേരുടെ മരണത്തിനും ഇടയാക്കിയ പാലിസേഡ്‌സ് കാട്ടുതീക്ക് കാരണമായ തീപിടിത്തം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് കോടതി കണ്ടെത്തി. കേസിൽ പ്രതിയായ ജോനാഥൻ റിൻഡർനെക്റ്റ് കുറ്റക്കാരനാണെന്ന് ലോസ് ആഞ്ചലസിലെ ഫെഡറൽ കോടതി ജൂറി വിധിച്ചു. ശിക്ഷാവിധി 2027 മാർച്ച് 17-ന് പ്രഖ്യാപിക്കും. അഞ്ച് മുതൽ 40 വർഷം വരെ ഫെഡറൽ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.2025 ജനുവരി ഒന്നിന് പുതുവർഷാരംഭത്തിൽ അർധരാത്രിക്ക് ശേഷമാണ് സംഭവത്തിന് തുടക്കമായത്. ഊബർ ഡ്രൈവറായിരുന്ന റിൻഡർനെക്റ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ടോപാംഗ സ്റ്റേറ്റ് പാർക്കിലെ സ്കൾ റോക്ക് ട്രെയിൽഹെഡിന് സമീപമെത്തി തീയിടുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. അന്ന് 'ലാച്ച്മാൻ ഫയർ' എന്നറിയപ്പെട്ട ഈ തീപിടിത്തം അണച്ചെങ്കിലും ആറു ദിവസത്തിന് ശേഷം വീണ്ടും ആളിപ്പടർന്ന് വൻ കാട്ടുതീയായി മാറുകയായിരുന്നു. മൂന്നാഴ്ചയിലധികം നീണ്ടുനിന്ന ദുരന്തത്തിൽ 23,000-ത്തിലധികം ഏക്കർ പ്രദേശം കത്തിനശിക്കുകയും ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.തീപിടിത്തമുണ്ടായ ഉടൻ 911-ൽ വിളിച്ച് വിവരമറിയിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രതി, അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നത്. എന്നാൽ ഇയാളുടെ ഐഫോണിലെ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചതിലൂടെ തീ പടർന്ന സ്ഥലത്തിന് 30 അടി അകലെ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. തീയിട്ട് സ്വത്ത് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.നേരത്തെ നടന്ന വിചാരണയിൽ ജൂറി അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിധി പറയാനാകാതെ കേസ് പുനർവിചാരണയ്ക്ക് വിടുകയായിരുന്നു. തുടർന്ന് 14 ദിവസം നീണ്ട പുനർവിചാരണയ്ക്കൊടുവിലാണ് നിർണായക വിധി ഉണ്ടായത്. ലോസ് ആഞ്ചലസിൽ താമസിച്ചിരുന്ന പ്രതിയെ അപകടം നടന്ന് ഒമ്പത് മാസത്തിന് ശേഷം ഫ്ലോറിഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.




​

​




​


​




Feedback and suggestions