ഇന്നും നവംബർ 16-നും സ്കൂളിൽ പോകേണ്ട… പ്രാദേശിക അവധി പ്രഖ്യാപിച്ചു


13, November, 2026
Updated on 13, November, 2026 7


തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13, 16 തീയതികളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വെട്ടുകാട് തിരുനാൾ, കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് അവധി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് നവംബർ 13 (ഇന്ന്) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധിയായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


നേരത്തെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നെങ്കിലും നിലവിൽ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധികളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.


നവംബർ 12 മുതൽ 22 വരെയാണ് വെട്ടുകാട് തിരുനാൾ. തിരുവനന്തപുരം ലാറ്റിൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലാണ് വെട്ടുകാട് പള്ളി. ജാതിമത ഭേദമന്യേ ആയിരക്കണക്കിന് തീർത്ഥാടകരാണ് തിരുനാൾ ദിനങ്ങളിൽ ഇവിടെയെത്തുന്നത്. കൊടിയേറ്റത്തോടെയാണ് ഉത്സവം ആരംഭിക്കുക. ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ഉത്സവം സമാപിക്കും. വിശുദ്ധ കുർബാന, നൊവേന, ജപമാല പ്രാർത്ഥനകൾ എന്നിവയാണ് തിരുനാൾ ദിനങ്ങളിലെ പ്രധാന ചടങ്ങുകൾകൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 16-ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.


പാലക്കാട് ജില്ലയിലെ കൽപ്പാത്തി അഗ്രഹാരത്തിൽ എല്ലാ വർഷവും തുലാം മാസത്തിൽ നടക്കുന്ന അതിപ്രശസ്തമായ ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. കേരളത്തിലെ ഏറ്റവും വലിയ രഥോത്സവമായ ഇതിന് ഏകദേശം എഴുനൂറിലധികം വർഷത്തെ പഴക്കമുണ്ട്. കൽപ്പാത്തിയിലെ രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലെ ജനത്തിരക്കും ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്.


പ്രധാന ക്ഷേത്രമായ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രവും, ഉപക്ഷേത്രങ്ങളായ പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവയും ചേർന്നാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വേദപാരായണങ്ങളും സാംസ്കാരിക പരിപാടികളും നടത്തപ്പെടും.




Feedback and suggestions