18, November, 2026
Updated on 18, November, 2026 13
കേടുപറ്റിയ പല്ലുകളിൽ സ്വാഭാവികമായി പുതിയ ഇനാമൽ വളർത്താൻ സഹായിക്കുന്ന പ്രോട്ടീൻ അധിഷ്ഠിത ജെൽ വികസിപ്പിച്ച് ഗവേഷകർ. യുകെയിലെ നോട്ടിംഗ്ഹാം സർവകലാശാലയിലെ അബ്ഷർ ഹസൻ, അൽവാരോ മാത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. പല്ലുകളുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ ഇനാമൽ രൂപപ്പെടാൻ സഹായിക്കുന്ന സ്വാഭാവിക പ്രോട്ടീനുകളെ അനുകരിച്ചാണ് ജെൽ വികസിപ്പിച്ചിരിക്കുന്നത്. പല്ലിൽ പുരട്ടുമ്പോൾ നേർത്തൊരു സംരക്ഷണപാളിയായി പ്രവർത്തിക്കുന്ന ജെൽ ഉമിനീരിലുള്ള കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയെ ആകർഷിച്ച് പുതിയ ഇനാമൽ ക്രിസ്റ്റലുകൾ രൂപപ്പെടാൻ സഹായിക്കുന്നു.
ഫ്ലൂറൈഡ് ഇല്ലാതെയാണ് പുതിയ ജെൽ പ്രവർത്തിക്കുന്നത്. പല്ലിന്റെ പുറംപാളിയായ ഇനാമലിന് താഴെയുള്ള ഡെന്റിൻ എന്ന സംവേദനക്ഷമമായ ഭാഗത്തും ഇത് പ്രയോഗിക്കാനാകും. പല്ലുതേക്കൽ, ചവയ്ക്കൽ, അസിഡിക് ഭക്ഷണങ്ങൾ എന്നിവയുടെ സ്വാധീനം അനുകരിച്ചുള്ള പരീക്ഷണങ്ങളിൽ പുതുതായി രൂപപ്പെട്ട ഇനാമലിന് സ്വാഭാവിക ഇനാമലിന് സമാനമായ യാന്ത്രിക ഗുണങ്ങൾ നിലനിർത്താനായതായി ഗവേഷകർ കണ്ടെത്തി. പല്ലിന്റെ ഇനാമൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ ശരീരത്തിന് സ്വാഭാവികമായി പുനർനിർമിക്കാൻ കഴിയില്ലെന്നതിനാൽ ഈ കണ്ടെത്തൽ ദന്തചികിത്സയിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.എന്നാൽ നിലവിൽ ലബോറട്ടറിയിൽ പല്ലുകളിലാണ് ഈ ജെൽ പരീക്ഷിച്ചിട്ടുള്ളത്. മനുഷ്യരിൽ പ്രയോഗിച്ച് വിജയകരമാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. പല്ലിലെ ആദ്യഘട്ട കേടുപാടുകൾ പരിഹരിക്കാനും പല്ലുകളുടെ സംവേദനക്ഷമത കുറയ്ക്കാനും ഭാവിയിൽ ഈ സാങ്കേതികവിദ്യ സഹായിച്ചേക്കാം. ഫില്ലിങ്ങുകൾക്കും വെനീറുകൾക്കും കൂടുതൽ മികച്ച അടിത്തറ ഒരുക്കാനും സാധ്യതയുണ്ട്. ഗവേഷകരുടെ സ്റ്റാർട്ടപ്പായ മിൻടെക്-ബയോ വഴിയാണ് ഉൽപ്പന്ന വികസനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നത്.