എസ്.ഐ.ആറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൻ പിന്മാറ്റം; സുപ്രീംകോടതി ഇടപെടലിന് പിന്നാലെ നിലപാട് മാറ്റം, ചോദ്യങ്ങൾ ബാക്കി


8, November, 2026
Updated on 8, November, 2026 4


എസ്.ഐ.ആർ നടപടിക്കിടെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് വീണ്ടും ചേർക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫോം ആറ് വഴി അപേക്ഷിക്കാമെന്ന മുൻനിലപാടിൽനിന്ന് പിന്നോട്ടുപോയി, നിശ്ചിത സാഹചര്യങ്ങളിൽ എന്യുമറേഷൻ ഫോം ഉപയോഗിച്ചും പേര് ഉൾപ്പെടുത്താൻ അവസരമൊരുക്കിയതാണ് കമ്മീഷന്റെ പ്രധാന മാറ്റം. സുപ്രീംകോടതിയിൽനിന്നുള്ള നിരന്തര ചോദ്യങ്ങളും നിയമപരമായ ആശങ്കകളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. നിലവിൽ എസ്.ഐ.ആർ തുടരുന്ന ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ മാറ്റം പ്രധാനമായും പ്രസക്തമാകുന്നത്. നേരത്തേ എസ്.ഐ.ആർ പൂർത്തിയായ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സമാന ആനുകൂല്യം ലഭ്യമാക്കാത്തത് പുതിയ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.


നവംബർ മൂന്നിന് പുറത്തിറക്കിയ സർക്കുലറിലൂടെ എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് ഫോം ആറ് സമർപ്പിക്കാമെന്നും അതിന്റെ ഭാഗമായി നൽകുന്ന സത്യവാങ്മൂലത്തിന്റെ പേരിൽ നടപടിയുണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫോം ആറ് അടിസ്ഥാനപരമായി പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള അപേക്ഷയാണ്. മുമ്പ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ഒരാൾ, താൻ മുമ്പ് വോട്ടറായിരുന്നില്ലെന്ന തരത്തിലുള്ള സത്യവാങ്മൂലം നൽകേണ്ടിവരുന്നത് നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാന ആശങ്ക. ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം വ്യാജ സത്യവാങ്മൂലം നൽകുന്നത് ശിക്ഷാർഹമാണ്. നടപടിയുണ്ടാകില്ലെന്ന കമ്മീഷന്റെ ഉറപ്പിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ഒക്ടോബർ 14ന് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നിരീക്ഷിച്ചിരുന്നു.എന്നാൽ ഒക്ടോബർ 28ന് സുപ്രീംകോടതി ഈ വിഷയത്തിൽ കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തു. നേരത്തേ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരെ പുതിയ വോട്ടർമാരെപ്പോലെ ഫോം ആറ് സമർപ്പിക്കാൻ നിർബന്ധിക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. താമസം മാറിയവർക്കും മറ്റ് കാരണങ്ങളാൽ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കും ഫോം എട്ട് വഴിയോ എന്യുമറേഷൻ ഫോം വഴിയോ പേര് ഉൾപ്പെടുത്താൻ അവസരം നൽകാമെന്നും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെ സാമൂഹിക പ്രവർത്തകരായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും കമ്മീഷന്റെ നവംബർ മൂന്നിലെ സർക്കുലർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നവംബർ 19ന് ഹർജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കമ്മീഷന്റെ പുതിയ നിലപാട്.


അതേസമയം, കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും നിലപാടുമാറ്റത്തിന് കാരണമായോ എന്ന ചർച്ചയും ഉയരുന്നുണ്ട്. ഫോം ആറിൽ അധിക പ്രഖ്യാപനം ഉൾപ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും നേരത്തേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിലെ വോട്ടർമാർക്കും ഇതേ അവസരം ലഭിക്കുമോ, ഒഴിവാക്കപ്പെട്ടവരുടെ പേര് വീണ്ടും ചേർക്കുന്നതിനുള്ള നടപടികൾ എത്രത്തോളം ലളിതമാകും, കമ്മീഷന്റെ മുൻനിലപാടുകൾക്ക് നിയമപരമായ വിശദീകരണം എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. നവംബർ 19ന് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിലേക്കാണ് ഇനി ശ്രദ്ധ.




Feedback and suggestions