8, November, 2026
Updated on 8, November, 2026 3
കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രഖ്യാപിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ‘ജന്തർമന്തർ അറ്റ് കൊച്ചി’ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചത്. മാധ്യമങ്ങളെ നേരിടാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും എന്തിനാണ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്നും ദീപ്കെ ചോദിച്ചു. 56 ഇഞ്ചുകാരനായ പ്രധാനമന്ത്രി എത്രത്തോളം ഭീരുവാണെന്നാണ് ജനകീയ സമരങ്ങളോടുള്ള സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും കൊച്ചിയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ച ദീപ്കെ, നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്ര വർഷം ഭരിച്ചാലും മോദിക്ക് നെഹ്റുവിനേക്കാൾ വലിയ നേതാവാകാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. ട്രംപിന് മുന്നിൽ കീഴടങ്ങുകയും രാജ്യത്തിന്റെ താല്പര്യങ്ങൾ വിൽക്കുകയും ചെയ്ത സർക്കാരാണ് സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന് ആരോപിക്കുന്നത്. താൻ ജയിലിൽ പോകേണ്ടി വന്നത് ദേശീയ പതാക ഉയർത്തിയതിനാണ്. രാജ്യത്തിന്റെ ഏത് കോണിൽ പോയാലും ദേശീയ പതാക കൈയിലേന്തുമെന്ന് അദ്ദേഹം ആവർത്തിച്ചു.2029-ൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ മോദി അധികാരത്തിൽ നിന്ന് പുറത്താകുമെന്നും ദീപ്കെ പ്രത്യാശ പ്രകടിപ്പിച്ചു. മോദിക്ക് രാജ്യത്തെ കുട്ടികളോട് ഒരു കരുതലുമില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത് കലാപത്തിന്റെ ഓർമ്മകളും പ്രസംഗത്തിൽ ഉദ്ധരിച്ചു. ഗുജറാത്തിൽ കലാപം ഉണ്ടാക്കിയത് ആരാണെന്ന് രാജ്യത്തിന് വ്യക്തമായി അറിയാമെന്നും എന്നാൽ സിജെപി കലാപകാരികളുടെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ താൻ 50-ലധികം വാർത്താസമ്മേളനങ്ങൾ നടത്തിയപ്പോൾ മോദി ഒരു തവണ പോലും മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല. സിജെപി പ്രവർത്തകരെ അരാജകവാദികളെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്ന മോദിക്ക് തെറ്റിയെന്നും തങ്ങൾ അരാജകവാദികളല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അംബേദ്ക്കറിസ്റ്റുകളാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.