ഹാലോവീൻ രാത്രിയിൽ പുകഞ്ഞ് ജർമ്മനി; തെരുവിൽ പെട്രോൾ ബോംബേറും കൊള്ളയും, 34 നഗരങ്ങളിൽ റാലി!


1, November, 2026
Updated on 1, November, 2026 5


ജീവിതച്ചെലവ് വർധിക്കുന്നതിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമ്മനിയിൽ വൻ യുവജന പ്രക്ഷോഭം. ‘ജെൻ സി’ തലമുറയുടെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി മുപ്പത്തിനാലോളം നഗരങ്ങളിലാണ് ശക്തമായ പ്രകടനങ്ങൾ അരങ്ങേറിയത്. നഗരങ്ങളിൽ പലയിടത്തും പ്രക്ഷോഭം അക്രമാസക്തമാവുകയും തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യങ്ങളിലേക്ക് വഴിമാറുകയും ചെയ്തു.ഹാലോവീൻ ആഘോഷങ്ങൾക്കിടയിലാണ് പലയിടത്തും പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞത്. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ വ്യാപാര സ്ഥാപനങ്ങളും കടകളും അടിച്ചുതകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അക്രമികൾ പൊലീസിനുനേരെ പെട്രോൾ ബോംബുകൾ എറിഞ്ഞതായും, ഹാംബർഗിൽ ബാരിക്കേഡുകൾക്ക് തീയിട്ടതായും അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സും ജർമ്മൻ പൊലീസും സ്ഥിരീകരിച്ചു.ജനറേഷൻ ഇസഡ് റീജൽറ്റ്’ എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് ജർമ്മനിയിലെ ഈ രാജ്യവ്യാപക സമരങ്ങൾക്ക് മുന്നിൽ നിന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുസേവന മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുക, ജീവിതച്ചെലവുകൾ കുറയ്ക്കുക, നിർബന്ധിത സൈനിക സേവന പദ്ധതി ഒഴിവാക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ബലപ്രയോഗങ്ങൾക്കും യുദ്ധങ്ങൾക്കും വേണ്ടിയല്ല, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്ന് ബെർലിനിൽ നടന്ന റാലിയിൽ ക്യാമ്പയിൻ വക്താവ് ലിന ഫ്രീഡ്രിക്ക് വ്യക്തമാക്കി.ഈ വർഷം യൂറോപ്പിലുടനീളം കണ്ടുവരുന്ന യുവജന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ജർമ്മനിയിലെയും ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. പ്രകടനങ്ങൾ പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചില തീവ്രസ്വഭാവമുള്ള സംഘങ്ങൾ അന്തരീക്ഷം മുതലെടുക്കുകയായിരുന്നുവെന്ന് ജർമ്മൻ അധികൃതർ അറിയിച്ചു. സംഘാടകർ വൻ പങ്കാളിത്തം അവകാശപ്പെട്ടെങ്കിലും പ്രധാന നഗരങ്ങളിൽ ആകെ പതിനെട്ടായിരത്തോളം പേരാണ് റാലികളിൽ പങ്കെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.










Feedback and suggestions