28, October, 2026
Updated on 28, October, 2026 3
മധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിൽ നിന്നും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വാർത്തകൾ. ഉദ്യാനത്തിൽ ജന്മമെടുത്ത പുതിയ അഞ്ച് കുഞ്ഞുങ്ങളുടെ സന്തോഷവാർത്തയ്‌ക്കൊപ്പം ഒരു ചീറ്റപ്പുലി വെടിയേറ്റു മരിച്ചെന്ന ദുഃഖകരമായ വിവരവും പുറത്തുവന്നു. കൂനോയിൽ കെജെപി21 എന്ന് പേരിട്ടിരിക്കുന്ന മുപ്പത്തിരണ്ട് മാസം പ്രായമുള്ള പെൺ ചീറ്റയാണ് അഞ്ച് ആരോഗ്യവാനായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് എക്സിലൂടെ അറിയിച്ചു.
എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പത്തൊൻപത് മാസം പ്രായമുള്ള കെഎൻജി22 എന്ന ആൺ ചീറ്റ ചികിത്സയ്ക്കിടെ ചെന്നുവെന്ന വിവരം പുറത്തുവന്നത്. ഷിയോപൂർ ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഒക്ടോബർ 25നാണ് ചീറ്റയെ പരിക്കുകളോടെ രക്ഷപെടുത്തിയത്. തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലും സിടി സ്കാനിലും ചീറ്റയുടെ ശരീരത്തിൽ വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയയിലൂടെ അഞ്ച് ഫയർആറാം പെല്ലറ്റുകൾ പുറത്തെടുത്തെങ്കിലും ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കുകളെ തുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ ചീറ്റ ചാവുകയായിരുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണത്തിനായി മധ്യപ്രദേശ് സർക്കാർ വനം-പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇതിനിടയിൽ മോറെന ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനമേഖലയിൽ നിർവ എന്ന പെൺ ചീറ്റയുടെ മകനായ മറ്റൊരു പത്തൊൻപത് മാസം പ്രായമുള്ള ചീറ്റക്കുട്ടിയെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 25ന് രാത്രിയോടെ രക്ഷപെടുത്തിയ ഈ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൂനോ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സംഭവങ്ങളിലും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.