28, October, 2026
Updated on 28, October, 2026 8
ടെല്‍ അവീവ്: ഇസ്രയേലിവല് ഭരണതലപ്പത്തു നിന്നും ബെഞ്ചമിന്‍ നെതന്യാഹു പുറത്തേയ്ക്കോ?ഇസ്രയേല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷമില്ലെന്നു റിപ്പോര്‍ട്ട്. പ്രതിപക്ഷ സഖ്യത്തിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് ഇസ്രയേലി ടെലിവിഷന്‍ ചാനലുകളുടെ പ്രവചനം.2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷമുള്ള രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനാണ് പ്രാഥമിക കണക്കുകളില്‍ മുന്‍തൂക്കമുള്ളത്.
ഏകദേശം രണ്ട് പതിറ്റാണ്ടായി ഇസ്രയേല്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ നെതന്യാഹു, ഹമാസ് മുതല്‍ ഇറാന് വരെയുള്ള ശത്രുക്കളെ നേരിടുമെന്ന വാഗ്ദാനവുമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, അറബ് വംശജരായ ഇസ്രയേലി പൗരന്മാരുടെ വോട്ടിങ് സ്വാധീനത്തെക്കുറിച്ച് അദ്ദേഹം ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എക്സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം പ്രതിപക്ഷ സഖ്യത്തിന് 52 മുതല്‍ 53 വരെ സീറ്റുകള്‍ ലഭിച്ചേക്കും. നെതന്യാഹുവിന്റെ സഖ്യത്തിന് ഏകദേശം 50 സീറ്റുകളാണ് പ്രവചിക്കുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 24 അല്ലെങ്കില്‍ 25 സീറ്റുകളോടെ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചേക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകള്‍ ആവശ്യമാണ്.
തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായും എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു. രണ്ട് പ്രധാന അറബ് സഖ്യങ്ങള്‍ക്ക് ആകെ 17 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രവചനം.2022ലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ആകെ പത്ത് സീറ്റുകളായിരുന്നു ലഭിച്ചത്. ഒരു സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ വേണ്ടിവന്നേക്കും. അതിനിടെ, വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ചിലരെ പിടികൂടിയതായി തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണവും തുടര്‍ന്ന് ഗാസയിലും മേഖലയിലെ മറ്റു ഭാഗങ്ങളിലും ഉണ്ടായ യുദ്ധങ്ങളും തിരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രചാരണ വിഷയങ്ങളായി. ഗാസയിലെ സൈനിക നടപടികള്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം, അക്രമസംഭവങ്ങള്‍ എന്നിവയുടെ പേരില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഗാസയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള നെതന്യാഹു, ആഭ്യന്തര അഴിമതി ആരോപണങ്ങളും നേരിടുന്നുണ്ട്. അതേസമയം, മുന്‍ സൈനിക മേധാവിയായ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സര്‍ക്കാരിനെ മാറ്റണമെന്ന ആഹ്വാനവുമായാണ് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഏകദേശം 73 ലക്ഷം പേര്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ രാജ്യത്തെ പോളിങ് ശതമാനം ഏകദേശം 75 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. 2022 ഡിസംബറില്‍ അധികാരത്തില്‍ തിരിച്ചെത്തിയ നെതന്യാഹു തീവ്ര വലതുപക്ഷ ദേശീയവാദ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എക്സിറ്റ് പോള്‍ കണക്കുകള്‍ അന്തിമ ഫലമല്ലാത്തതിനാല്, ഔദ്യോഗിക വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതും സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ഇസ്രയേലിന്റെ അടുത്ത രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണയിക്കും.