വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി 'എൻ.വി.എസ്.-03' നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും


26, October, 2026
Updated on 26, October, 2026 1


വിദേശരാജ്യങ്ങളുടെ ജി.പി.എസിന് പകരമായി രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് വിക്ഷേപിക്കും. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ 'നാവിക്' പരമ്പരയിലെ ആധുനിക ഉപഗ്രഹമായ ഇതിന്റെ വിക്ഷേപണം ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരിക്കും നടക്കുക.2232 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷമാണ്. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളിൽ പലതും പ്രവർത്തനരഹിതമായത് രാജ്യത്തിന്റെ ഗതിനിർണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്. നിലവിലുള്ള ജി.പി.എസിനെക്കാൾ കൂടുതൽ സൂക്ഷ്മതയോടെ ലൊക്കേഷൻ വിവരങ്ങൾ നൽകാൻ എൻ.വി.എസ്.-03-ന് സാധിക്കും. മൊബൈൽ ഫോണുകളിലടക്കം കൂടുതൽ കൃത്യമായ ലൊക്കേഷൻ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. പൂർണതോതിലുള്ള നാവിക് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനും സാധിക്കും.സമയം കൃത്യമായി നിർണയിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. എൽ-5, എസ് എന്നീ ഫ്രീക്വൻസി ബാൻഡുകൾക്കുപുറമേ പുതുതായി എൽ-1 ഫ്രീക്വൻസി സിഗ്‌നലുകളും ഈ ഉപഗ്രഹം നൽകും. സാധാരണ മൊബൈൽ ഫോണുകളിലെ ജി.പി.എസ്. പ്രവർത്തിക്കുന്നത് എൽ-1 ബാൻഡിലാണ്. പ്രതിരോധം, റെയിൽവേ, റോഡ്, വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തിന് വലിയ തോതിൽ സഹായകമാകുന്നതാണ് പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം.

















Feedback and suggestions