നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം കാണിക്കുമെന്ന നിലപാട് തിരുത്തി ട്രംപ്: നിലപാട് മാറ്റിയത് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ


16, October, 2026
Updated on 16, October, 2026 3


വാഷിംഗടണ്‍: മുന്‍ യുഎസ് സൈനീകന്‍ നിദാല്‍ ഹസന്റെ വധശിക്ഷ തല്‍സമയം കാണിക്കുമെന്ന തീരുമാനം മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പൊതു സമൂഹത്തിനിടയില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണഅ ട്രംപ് ഭരണകൂടം ഇത്തരമൊരു തീരുമാനത്തിലേക്ക് മാറിയത്. അമേരിക്കയിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ 2009ല്‍ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്നായിരുന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുമ്പ് പറഞ്ഞിരുന്നത്.വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.


വ്യാഴാഴ്ച സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തീരുമാനം അറിയിച്ചത്. ഹസന്റെ വധശിക്ഷ ലോകത്തിന് മുന്നില്‍ സംപ്രേഷണം ചെയ്യുന്നത് ഭീകരവാദത്തിനെതിരെ അമേരിക്ക സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ സഹായിക്കുമെന്ന അഭിപ്രായം തനിക്കുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, വധശിക്ഷ തത്സമയം കാണാന്‍ ആഗ്രഹിക്കാത്ത നിരവധി നല്ല മനുഷ്യരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നേരിട്ടെത്തി വധശിക്ഷ കാണാന്‍ അവസരമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപും ഹെഗ്‌സെത്തും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം ഉണ്ടായതെന്ന് പ്രതിരോധ വകുപ്പ് വക്താവ് സീന്‍ പാര്‍നെല്‍ അറിയിച്ചു.


2009 നവംബര്‍ അഞ്ചിനാണ് ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം ജിഹാദിന്റെ ഭാഗമായിരുന്നുവെന്ന് ഹസന്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് അതേ സൈനിക താവളത്തില്‍ വെച്ച് വെടിവെച്ചുകൊല്ലുന്ന രീതിയില്‍ വധശിക്ഷ നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഹസന്റെ സിവില്‍ അഭിഭാഷകനായ ജോണ്‍ ഗാലിഗന്‍, വധശിക്ഷയുടെ തത്സമയ സംപ്രേഷണം റദ്ദാക്കിയതില്‍ അത്ഭുതമില്ലെന്ന് പ്രതികരിച്ചു. വധശിക്ഷ സംപ്രേഷണം ചെയ്യാനുള്ള ഹെഗ്‌സെത്തിന്റെ മുന്‍ തീരുമാനം സൈന്യത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.


വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പദ്ധതിക്കെതിരെ അമേരിക്കയില്‍ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും പദ്ധതിയെ എതിര്‍ത്തു. പരസ്യമായ വധശിക്ഷകള്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ രീതിയാണെന്നും അമേരിക്കയില്‍ ഇത് അനുവദിക്കരുതെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടില്ലിസ് പ്രതികരിച്ചു. അമേരിക്കന്‍ ജനതയില്‍ പത്തില്‍ എട്ടുപേരും ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യരുതെന്ന നിലപാടിലാണ് എന്നാണ് എബിസി ന്യൂസ്, വാഷിങ്ടണ്‍ പോസ്റ്റ്, ഇപ്‌സോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍. വധശിക്ഷയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അമേരിക്കാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുമോ എന്ന ആശങ്കയും ഭരണകൂടത്തിനുണ്ടായിരുന്നു.


ഫോര്‍ട്ട് ഹുഡ് വെടിവെപ്പില്‍ പരിക്കേറ്റവരില്‍ ഒരാളായ അലോന്‍സോ ലണ്‍സ്‌ഫോര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്തു. 1990 മുതല്‍ അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ലണ്‍സ്‌ഫോര്‍ഡിന് ആക്രമണത്തിനിടെ ഏഴുതവണ വെടിയേറ്റിരുന്നു. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യില്ലെന്ന വാര്‍ത്ത ആശ്വാസം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ഹസന്‍ ചെയ്തതും അതിനു പിന്നിലെ കാരണങ്ങളും അംഗീകരിക്കാനാവില്ലെങ്കിലും, ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതെ തന്നെ കൂടുതല്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പുലര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ലണ്‍സ്‌ഫോര്‍ഡ് അഭിപ്രായപ്പെട്ടു. സംപ്രേഷണം റദ്ദാക്കിയ തീരുമാനം രാജ്യത്തിന്റെ മാനവികതയും ഉത്തരവാദിത്തബോധവും ഉയര്‍ത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.




Feedback and suggestions