8, October, 2026
Updated on 8, October, 2026 7
വാഷിംഗ്ടണ്‍: മിനിയാപൊളിസിന് സമീപമുള്ള മാള്‍ ഓഫ് അമേരിക്കയില്‍ കൂട്ടവെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ട 18കാരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. മിനസോട്ട സ്വദേശിയായ ഷെയ്ഖ്ദൂന്‍ അബ്ദുല്ലാഹി മൊഹമുദിനെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അവസാനത്തോടെ മാളില്‍ നടക്കുന്ന ഒരു പരിപാടിക്കിടെ നിരവധി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇയാള്‍ എഫ്ബിഐയ്ക്ക് മൊഴി കൊടുത്തതായി റിപ്പോര്‍ട്ട് പുറത്തുവന്നു.എഫ്ബിഐയുടെ രഹസ്യ ഏജന്റ് 600 ഡോളറിന് എകെ-47 തോക്കും വെടിയുണ്ടകളും കൈമാറിയതിന് പിന്നാലെയാണ് മൊഹമുദിനെ അറസ്റ്റ് ചെയ്തത്. ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി തോക്കും വെടിയുണ്ടകളും അറിഞ്ഞുകൊണ്ട് കൈവശപ്പെടുത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി എലിസബത്ത് കോവന്‍ റൈറ്റിന് മുമ്പാകെ ഇയാളെഹാജരാക്കി.
അല്‍-ഷബാബിന് വേണ്ടി പോരാടുന്നതിനായി വിദേശത്തേക്ക് പോകാന്‍ താല്‍പര്യമുണ്ടെന്ന് മൊഹമുദ് വിവിധ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെ എഫ്ബിഐയുടെ രഹസ്യവിവരദാതാവിനോട് പറഞ്ഞിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അല്‍-ഷബാബിനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകാന്‍ സാധിച്ചില്ലെങ്കില്‍ കൂട്ടവെടിവെപ്പ് നടത്തുമെന്നും ഇയാള്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. പിന്നീട് ഐഎസില്‍ ചേരാനുള്ള ആഗ്രഹവും ഇയാള്‍ പ്രകടിപ്പിച്ചു. 2025 ജനുവരി ഒന്നിന് ന്യൂ ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 14 പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ മൊഹമുദ് പിന്തുണച്ചതായും ആരോപണമുണ്ട്.ജൂലൈയില്‍ മാള്‍ ഓഫ് അമേരിക്കയുടെ ഉടമകള്‍ ജൂതരാണെന്ന് ആരോപിച്ചുകൊണ്ട് 30 മുതല്‍ 60 പേരെ കൊല്ലാന്‍ ആഗ്രഹിക്കുന്നതായി മൊഹമുദ് പറഞ്ഞതായും അന്വേഷണ രേഖകളില്‍ പറയുന്നു. ഒക്ടോബര്‍ 24ന് മാളില്‍ നടക്കുന്ന ഹ്മോംഗ് ആര്‍ട്‌സ് സെലിബ്രേഷന്‍ പരിപാടിക്കിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇയാള്‍ എഫ്ബിഐയുടെ രഹസ്യവിവരദാതാവിനോട് പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ മാള്‍ ഓഫ് അമേരിക്കയില്‍ 500ലധികം കടകള്‍ക്കൊപ്പം തീം പാര്‍ക്കും അക്വേറിയവും ഉള്‍പ്പെടുന്നു