7, October, 2026
Updated on 7, October, 2026 7
ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയും ലോകത്തിന്റെ പ്രധാന എണ്ണ-വാതക കേന്ദ്രമായ ഗൾഫ് മേഖലയുമായി നിലനിന്നിരുന്ന ബന്ധത്തിന്റെ സ്വഭാവം അതിവേഗം മാറുകയാണ്. ഒരുകാലത്ത് ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുക എന്നതായിരുന്നു ഗൾഫ് രാജ്യങ്ങളുമായുള്ള ഊർജ സഹകരണത്തിന്റെ അടിസ്ഥാനം. ഇന്ന് ആ ബന്ധം എണ്ണയും വാതകവും വാങ്ങുന്ന ഒരു സാധാരണ വ്യാപാരബന്ധത്തിൽ നിന്ന് നിക്ഷേപം, റിഫൈനിങ്, പെട്രോകെമിക്കൽസ്, എൽ.എൻ.ജി, ഊർജ അടിസ്ഥാനസൗകര്യം, ദീർഘകാല വിതരണസുരക്ഷ എന്നിവയെ ഉൾക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തമായി മാറുകയാണ്.ഈ മാറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നാണ് ഖത്തർ.ഇന്ത്യയുടെ പ്രകൃതിവാതക സുരക്ഷയിൽ വർഷങ്ങളായി നിർണായക സ്ഥാനമാണ് ഖത്തറിനുള്ളത്. പെട്രോനെറ്റ് എൽ.എൻ.ജിയും ഖത്തർ എനർജിയും തമ്മിലുള്ള ദീർഘകാല ബന്ധമാണ് ഇതിന്റെ നട്ടെല്ല്. 2024 ൽ ഇരുകമ്പനികളും ഒപ്പുവച്ച പുതിയ കരാർ പ്രകാരം 2028 മുതൽ 2048 വരെ പ്രതിവർഷം ഏകദേശം 7.5 മില്യൺ ടൺ എൽ.എൻ.ജി ഇന്ത്യയ്ക്ക് ലഭിക്കും. പഴയ ദീർഘകാല കരാറിന്റെ തുടർച്ചയായി വരുന്ന ഈ 20 വർഷത്തെ കരാർ ഇന്ത്യയുടെ ഭാവിയിലെ ഗ്യാസ് ആവശ്യകതയ്ക്ക് വലിയൊരു സുരക്ഷാകവചമാണ്.എന്നാൽ ഇന്ത്യ–ഖത്തർ ഊർജബന്ധത്തിന്റെ പുതിയ ഘട്ടത്തിലെ ഏറ്റവും വലിയ മാറ്റം ഇതിൽ മാത്രം ഒതുങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നതാണ്. ഖത്തറിന്റെ ഊർജ കമ്പനികളെയും വലിയ നിക്ഷേപ സ്ഥാപനങ്ങളെയും ഇന്ത്യയുടെ ഊർജ വളർച്ചയുടെ നേരിട്ടുള്ള പങ്കാളികളാക്കാനാണ് നീക്കം. റിഫൈനറികൾ, പെട്രോകെമിക്കൽ കോംപ്ലക്സുകൾ, ഗ്യാസ് അടിസ്ഥാനസൗകര്യം, വൈദ്യുതി, ശുദ്ധ ഊർജം തുടങ്ങി മുഴുവൻ ഊർജ ശൃംഖലയിലേക്കും ഗൾഫ് മൂലധനം ആകർഷിക്കുകയാണ് ലക്ഷ്യം.