റഷ്യ–യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങളുമായി ഇന്ത്യ; സജീവ ഇടപെടലെന്ന് ജയശങ്കർ


5, October, 2026
Updated on 5, October, 2026 6


റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യ കൂടുതൽ സജീവമായി ഇടപെടുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതിൽ മാത്രം ഇന്ത്യ ഒതുങ്ങുന്നില്ലെന്നും റഷ്യയും യുക്രൈനും തമ്മിൽ സുപ്രധാന ധാരണകളിലെത്താൻ ഇന്ത്യ മുൻകൈയെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മ്യൂണിക്ക് ലീഡേഴ്സ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.ഇന്ത്യയും റഷ്യയും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ശക്തമായ ബന്ധമാണെന്ന് ജയശങ്കർ പറഞ്ഞു. 1950കൾ മുതൽ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി നേരിട്ട ഘട്ടങ്ങളിൽ സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്കൊപ്പം നിന്ന ചരിത്രമുണ്ടെന്നും ഈ പാരമ്പര്യം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ഇന്നും സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സൈനിക, ആണവ, ബഹിരാകാശ മേഖലകൾക്ക് പുറമെ വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലും ഇന്ത്യ–റഷ്യ സഹകരണം ശക്തമാണെന്നും ജയശങ്കർ പറഞ്ഞു. കാലക്രമേണ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വിപുലമായിട്ടുണ്ട്. സാമ്പത്തിക മേഖലയിലും ഇന്ത്യയുടെ അനുഭവം റഷ്യയുമായുള്ള ബന്ധത്തിൽ പോസിറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളും നയതന്ത്ര ഇടപെടലുകളുമാണ് ആവശ്യമെന്നും ഇന്ത്യ ഈ ദിശയിൽ പ്രവർത്തിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി സമാധാനശ്രമങ്ങളിൽ ഇന്ത്യ കൂടുതൽ നേരിട്ട് ഇടപെടുകയാണെന്നും റഷ്യയുമായും യുക്രൈനുമായും ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.കരിങ്കടലിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കൽ, ധാന്യ–ഊർജ കയറ്റുമതി സുഗമമാക്കൽ, പരസ്പര ആക്രമണങ്ങൾ ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ തേടൽ തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ത്യ ഇടപെടുന്നത്. ഇരുരാജ്യങ്ങൾക്കുമുള്ള ആശങ്കകൾ പരിഹരിച്ച് ധാരണയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വഴിയൊരുക്കാൻ ഇന്ത്യയുടെ ഇടപെടൽ നിലവിൽ തുടരുകയാണെന്നും ജയശങ്കർ വ്യക്തമാക്കി.










































Feedback and suggestions