3, October, 2026
Updated on 3, October, 2026 3
ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ കാറ്റലീന ദ്വീപിനു സമീപം മെഡിക്കൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് മൂന്നുപേർ മരിച്ചു. പൈലറ്റ്, നഴ്‌സ്, ഹെലികോപ്റ്ററിലുണ്ടായിരുന്ന രോഗിയായ യുവതി എന്നിവരാണ് മരിച്ചത്. അഞ്ചുപേരുമായി ദ്വീപിൽനിന്ന് പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നു. തീരത്തുനിന്ന് നൂറു വാര അകലെയാണ് ഹെലികോപ്റ്റർ കടലിൽ പതിച്ചതെന്ന് യു.എസ്. കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.പൈലറ്റിന്റെയും നഴ്‌സിന്റെയും മൃതദേഹങ്ങൾ അപകടത്തിനു പിന്നാലെ കണ്ടെത്തിയിരുന്നു. തിരച്ചിലിനൊടുവിൽ വ്യാഴാഴ്ചയാണ് രോഗിയായ യുവതിയുടെ മൃതദേഹം ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിലെ ഡൈവർമാർ കണ്ടെടുത്തത്.സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച കോസ്റ്റ് ഗാർഡ്, രക്ഷാപ്രവർത്തകരുടെ വേഗത്തിലുള്ള ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു.