ടീം ട്രംപിനൊപ്പം വീണ്ടും മസ്‌ക് ; പ്രോജക്ട് മെരിഡീയന്റെ ഭാഗമാകും


2, October, 2026
Updated on 2, October, 2026 7


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ ഭാഗമായി വീണ്ടും ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക് വരുന്നു. ഭാവിയിലെ യുദ്ധങ്ങളുടെ സ്വഭാവവും സൈനിക സാങ്കേതികവിദ്യയുടെ ദിശയും പഠിക്കുന്ന പെന്റഗണിന്റെ പുതിയ പദ്ധതിയായ ‘Project Meridian’ ലാണ് മസ്‌ക് പങ്കാളിയാവുക. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.അമേരിക്കയുടെ ഭാവിയിലെ യുദ്ധരീതികളെക്കുറിച്ച് പഠിക്കുകയും ആവശ്യമായ സൈനിക ശേഷികള്‍ കണ്ടെത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. അമേരിക്കന്‍ സാങ്കേതികവിദഗ്ധര്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, മുതിര്‍ന്ന നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്രതിരോധ രംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.മസ്‌കിനൊപ്പം പാമര്‍ ലക്കി, മുന്‍ റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ ന്യൂട്ട് ഗിങ്രിച്ച് എന്നിവരും പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. . മസ്‌കിന്റെ കമ്പനികള്‍ ഇതിനകം തന്നെ അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി വലിയ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഗോള്‍ഡണ്‍ ഡോം.മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി സ്‌പേസ് എക്‌സ് ഉപഗ്രഹ ശൃംഖലകള്‍ നിര്‍മ്മിക്കുന്നുണ്ട്. മസ്‌കിന്റെ എഐ കമ്പനിയായ എക്‌സ് എഐയുടെ ഗ്രോക്ക് ചാറ്റ്‌ബോട്ട് ക്ലാസിഫൈഡ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള കരാറും അമേരിക്കന്‍ സൈന്യവുമായി ഈ വര്‍ഷം ഒപ്പുവെച്ചിരുന്നു.2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസ്‌ക് ട്രംപിനെ ശക്തമായി പിന്തുണയ്ക്കുകയും ട്രംപിന്റെ തിരിച്ചുവരവിനായി വലിയ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പരസ്യമായ അഭിപ്രായവ്യത്യാസമുണ്ടായി. പിന്നീട് ഇരുവരും വീണ്ടും അടുത്തതോടെ മസ്‌ക് വൈറ്റ് ഹൗസില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനായി ട്രംപ് സംഘടിപ്പിച്ച സ്റ്റേറ്റ് ഡിന്നറിലും മസ്‌ക് പങ്കെടുത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കും പരമ്പരാഗതവാദ രാഷ്ട്രീയ സംഘടനകള്‍ക്കും മസ്‌ക് വീണ്ടും വലിയ തോതില്‍ സംഭാവന നല്‍കുന്നുണ്ട്.











Feedback and suggestions