1, October, 2026
Updated on 1, October, 2026 42
വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ യു.എസ് സന്ദർശന വേളയിൽ രാഷ്ട്രീയ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചൈനയിൽ അന്യായമായി തടവിലാക്കപ്പെട്ടവരുടെ വിവരങ്ങൾ ഷി ജിൻപിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.മ്യാന്മർ വംശജനായ യു.എസ് പൗരൻ മിൻ സിൻ, ഹോങ്കോംഗിലെ പ്രമുഖ മാധ്യമ വ്യവസായിയും ഭരണകൂട വിമർശകനുമായ ജിമ്മി ലായി എന്നിവരുടെ കേസുകൾ ഉന്നയിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്. എന്നാൽ ഏതൊക്കെ വ്യക്തികളുടെ കേസുകളാണ് സംസാരിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.വിദേശരാജ്യങ്ങളിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് ട്രംപ് ഭരണകൂടം വലിയ മുൻഗണന നൽകുന്നുണ്ട്. അതേസമയം, ഉയ്ഗൂറുകൾ, ടിബറ്റുകാർ, ചൈനീസ് ഭരണകൂടത്തിന്റെ വിമർശകർ എന്നിവരോടുള്ള ചൈനയുടെ നിലപാടുകളിൽ ട്രംപ് പരസ്യമായ വിമർശനങ്ങൾ ഒഴിവാക്കാറാണ് പതിവ്.ഹോങ്കോംഗിൽ അടച്ചുപൂട്ടിയ 'ആപ്പിൾ ഡെയ്ലി' പത്രത്തിന്റെ സ്ഥാപകനായ ജിമ്മി ലായിയെ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തി ഫെബ്രുവരിയിൽ 20 വർഷ തടവിന് ശിക്ഷിച്ചിരുന്നു. മ്യാന്മർ വംശജനായ പണ്ഡിതൻ മിൻ സിനെ ജൂണിലാണ് ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റിൽ ഇദ്ദേഹത്തെ അന്യായമായി തടവിലാക്കപ്പെട്ട വ്യക്തിയായി അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിൽ മനുഷ്യാവകാശ വിഷയങ്ങൾ വൻ വെല്ലുവിളിയായി തുടരുന്നതിനിടെയാണ് പുതിയ നീക്കം.