29, September, 2026
Updated on 29, September, 2026 3
നാല് വർഷത്തോളമായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താൻ ചർച്ചകളിലേക്ക് കടക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. യുദ്ധക്കെടുതികൾ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നതിനിടെയാണ് ഇരുരാജ്യങ്ങളും അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന ശക്തമായ ആഹ്വാനം. ഫ്രാൻസിലേക്കുള്ള നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.ആഗോള സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ കടുംപിടിത്തം ഉപേക്ഷിച്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഫ്രാൻസിലെ മെറ്റ്‌സിൽ നടന്ന ചടങ്ങിൽ യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ആഗോള സമാധാനത്തിനായുള്ള ആഹ്വാനം. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്ന ആധുനിക യുദ്ധങ്ങളെയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യത്തലവന്മാർ ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് നേതാക്കൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനുമായി ശബ്ദമുയർത്തുക എന്നത് കത്തോലിക്ക സഭയുടെ പ്രധാന ഉത്തരവാദിത്തമാണെന്നും മാർപാപ്പ വ്യക്തമാക്കി. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെയും മറ്റ് രാജ്യങ്ങളിലെയും നേതാക്കളെ ഒരുമിച്ചിരുത്തി ചർച്ചയ്ക്ക് ക്ഷണിക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി അർത്ഥമില്ലാത്ത യുദ്ധങ്ങൾ തുടരുന്നതിന് പകരം പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റ് വഴികൾ കണ്ടെത്താൻ ഭരണാധികാരികൾ തയ്യാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.ഇത് രാഷ്ട്രീയ നിലപാട് മാത്രമല്ലെന്നും മാനവികതയുടെയും മനുഷ്യന്റെ ആത്മാഭിമാനത്തിന്റെയും വിഷയമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ആയുധങ്ങൾക്കും യുദ്ധങ്ങൾക്കും വേണ്ടി വൻതുക ചെലവഴിക്കുന്നതിന് പകരം ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ പ്രാധാന്യം നൽകണം. യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള വഴികൾ തേടണമെന്ന മാർപാപ്പയുടെ ആഹ്വാനം ആഗോളതലത്തിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രദ്ധ നേടുന്നത്.