21, September, 2026
Updated on 21, September, 2026 1
വാഷിങ്‌ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കുനേരെ കടുത്ത വ്യോമാക്രമണം നടത്താനുള്ള നീക്കത്തിൽനിന്ന് അവസാന നിമിഷം യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതായി റിപ്പോർട്ട്. ലക്ഷ്യസ്ഥാനങ്ങൾ നിർണയിച്ച് പോർവിമാനങ്ങളിൽ ബോംബുകൾ സജ്ജമാക്കിയ ശേഷമാണ് ദൗത്യം വേണ്ടെന്നുവെക്കാൻ ട്രംപ് നിർദേശിച്ചതെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.ചെങ്കടൽ തീരത്തടക്കം സ്വാധീനം ശക്തമാക്കുന്ന ഹൂതികളെ തടയാൻ സൗദി അറേബ്യ യു.എസിന്റെ സൈനികസഹായം തേടിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വ്യോമാക്രമണത്തിന് സജ്ജമാകാൻ പെന്റഗണിന് പ്രസിഡന്റ് നിർദേശം നൽകിയത്. എന്നാൽ ഞായറാഴ്ചയോടെ ട്രംപ് വീണ്ടും നിലപാട് മാറ്റുകയായിരുന്നു.സൗദിയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തമുണ്ടെന്നും സഖ്യകക്ഷികളെ സംരക്ഷിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. എങ്കിലും ഹൂതികൾക്കെതിരേയുള്ള പോരാട്ടത്തിൽ യു.എസ്. നേരിട്ട് പങ്കാളിയാകുന്നതിനോട് ട്രംപിന്റെ അടുത്ത വൃത്തങ്ങൾക്ക് വലിയ താല്പര്യമില്ല. ഇറാനുമായുള്ള നിലവിലെ സംഘർഷങ്ങൾക്കിടെ സൈന്യത്തിന് അധികഭാരം നൽകേണ്ടതില്ലെന്ന വിലയിരുത്തലുമുണ്ട്.തങ്ങളെ ആക്രമിക്കില്ലെന്ന് ഹൂതികൾ യു.എസിന് ഉറപ്പുനൽകിയതായും വിവരമുണ്ട്. അതേസമയം, സൗദിക്കുനേരെയുള്ള ആക്രമണം ഹൂതികൾ ശക്തമാക്കി. റിയാദിന് നേർക്ക് മിസൈലാക്രമണം നടന്നതായും യെമനിൽ സൗദി പിന്തുണയുള്ള സർക്കാരിൽനിന്ന് കൂടുതൽ പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.