12, September, 2026
Updated on 12, September, 2026 0
വാഷിങ്ടണ്‍: അമേരിക്കയില്‍ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ അഫ്ഗാന്‍ വനിതയെ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി. ‘ഏലിയന്‍ ടെററിസ്റ്റ് റിമൂവല്‍ കോര്‍ട്ട്’ (ATRC) ഉപയോഗിച്ചുള്ള ആദ്യ കേസാണിതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. 47കാരിയായ നസീറ ഹാജി സാദയെ ഓഗസ്റ്റ് 25നാണ് അമേരിക്കയില്‍ നിന്ന് പുറത്താക്കിയത്.ഏകദേശം 30 വര്‍ഷം മുമ്പ് യുഎസ് കോണ്‍ഗ്രസ് രൂപീകരിച്ച ഏലിയന്‍ ടെററിസ്റ്റ് റിമൂവല്‍ കോര്‍ട്ട് ഇതുവരെ ഒരു കേസിലും ഉപയോഗിച്ചിരുന്നില്ല. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സര്‍ക്കാര്‍ കരുതുന്ന രഹസ്യ തെളിവുകള്‍ പൊതുജനങ്ങള്‍ക്ക് പുറത്തുവിടാതെ കോടതിയില്‍ അവതരിപ്പിക്കാന്‍ ഈ പ്രത്യേക സംവിധാനത്തിലൂടെ സാധിക്കും. 2018ലാണ് നസീറ ഹാജി സാദ അമേരിക്കയിലെത്തിയത്.നസീറ ഹാജി സാദ താന്‍ ഒരു ഏലിയന്‍ ടെററിസ്റ്റ് ആണെന്ന് സമ്മതിക്കുകയും നാടുകടത്തല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം ഉപേക്ഷിക്കുകയും ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഈ നടപടി ദേശീയ സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച വിജയമാണ് യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ നിയമപരമായ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നസീറയുടെ മകന്‍ അബ്ദുല്ല ഹാജി സാദയും നാസിര്‍ അഹ്മദ് തവ്ഹീദിയും 2024ലെ യുഎസ് തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി കുറ്റസമ്മതം നടത്തിയിരുന്നു. വന്‍തോതില്‍ ആളപായമുണ്ടാക്കുന്ന ആക്രമണമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. രഹസ്യ എഫ്ബിഐ ഉദ്യോഗസ്ഥനില്‍ നിന്ന് രണ്ട് AK-47 തോക്കുകളും 500 റൗണ്ട് വെടിയുണ്ടകളും ഇവര്‍ വാങ്ങിയതായും രേഖകളിലുണ്ട്.അറസ്റ്റിലാകുമ്പോള്‍ 17 വയസ്സുണ്ടായിരുന്ന അബ്ദുല്ല ഹാജി സാദയ്ക്ക് 2025ല്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സഹപ്രതി തവ്ഹീദിയുടെ ശിക്ഷ സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയായിരുന്നു. 2001 സെപ്റ്റംബര്‍ 11ലെ അല്‍ഖാഇദ ഭീകരാക്രമണങ്ങളുടെ 25-ാം വാര്‍ഷിക ദിനത്തിലാണ് നസീറ ഹാജി സാദയെ നാടുകടത്തിയ വിവരം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.