തൃശൂർ നഗരിയിൽ പുലിക്കളി ആവേശം, ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി


29, August, 2026
Updated on 29, August, 2026 2


തൃശൂർ: തൃശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പ്രസിദ്ധമായ തൃശൂർ പുലിക്കളിക്ക് അരങ്ങുണരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന്, ശനിയാഴ്ച വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. 9 ദേശങ്ങളിൽ നിന്നായി നാനൂറോളം പുലികളാണ് ഇത്തവണ താളമേളങ്ങൾക്കൊപ്പം സ്വരാജ് റൗണ്ടിൽ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.പുലിക്കളി മഹോത്സവത്തോട് അനുബന്ധിച്ച് തൃശൂർ താലൂക്ക് പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വൻ ജനപ്രവാഹം എത്താൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. തൃശൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ചതോടെ പുലിക്കളി ആഘോഷങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


പങ്കെടുക്കുന്ന ദേശങ്ങൾ

9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. . വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവയാണ് ഇത്തവണത്തെ പുലിമടകൾ. ഇതിൽ ഒളരിക്കര ദേശം ഇതാദ്യമായാണ് ചുവടുവയ്ക്കുന്നത്. ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും വാദ്യ സംഘത്തിൽ 25 മുതൽ 35 വരെ അംഗങ്ങളുമുണ്ടാകും. അടുത്ത വർഷം കൂടുതൽ സംഘങ്ങളെ പങ്കെടുപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്ന് മേയർ നിജി ജസ്‌റ്റിൻ പറഞ്ഞു.ആകെ 9 ഇനങ്ങളിൽ കാഷ് പ്രൈസും ട്രോഫിയുമടങ്ങുന്ന സമ്മാനങ്ങൾ നൽകുന്നതായിരിക്കും. സമ്മാനത്തുക ഇത്തവണ 3.50 ലക്ഷമാക്കി വർധിപ്പിച്ചിട്ടുണ്ട്. മുമ്പ് 3.12 ലക്ഷം രൂപയായിരുന്നു. മികച്ച ടീമിന് 70,000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപ, മൂന്നാം സ്ഥാനത്തിന് 50,000 രൂപ, മികച്ച അച്ചടക്കം പാലിക്കുന്ന ടീമിന് 20,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.




Feedback and suggestions