2, September, 2026
Updated on 2, September, 2026 4
കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശം പൂർണ്ണമായി നിയന്ത്രണത്തിലാക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ തനിക്കെതിരെ കടുത്ത ജനരോഷവും പ്രത്യാഘാതവുമുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഭയപ്പെടുന്നതായി റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തിൽ മോസ്കോ ലക്ഷ്യമിട്ട പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് പുടിൻ സ്വകാര്യ സംഭാഷണത്തിൽ ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.
യുക്രൈനിലെ ഡൊണെട്സ്ക്, ലുഹാൻസ്ക് മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസ് പിടിച്ചെടുക്കാതെ പിന്മാറിയാൽ അവർ തന്നെ തൂക്കിലേറ്റിയേക്കാം എന്ന് ക്രെംലിനിലെ അടുത്ത വൃത്തങ്ങളോട് പുടിൻ പറഞ്ഞതായും അന്താരാഷ്ട്ര തലത്തിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയുടെ രാഷ്ട്രീയ നേതൃത്വത്തിനും ഉന്നതർക്കുമിടയിൽ യുദ്ധത്തെച്ചൊല്ലി അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.
വർഷങ്ങളായി തുടരുന്ന യുദ്ധം റഷ്യൻ സമ്പദ്‌വ്യവസ്ഥയെയും സൈനിക ശേഷിയെയും സാരമായി ബാധിച്ചുവെന്നും ലക്ഷ്യങ്ങൾ നേടാനാവാതെ ഇത്രയും കാലം നഷ്ടപ്പെടുത്തിയത് വൻ പരാജയമാണെന്നും റഷ്യയിലെ ഭരണ വൃത്തങ്ങളിൽ തന്നെ അഭിപ്രായമുയരുന്നുണ്ട്. വൻ നാശനഷ്ടങ്ങളും സൈനിക ആൾനാശവും സഹിക്കാൻ റഷ്യൻ ഭരണസംവിധാനത്തിന് സാധിക്കുമെങ്കിലും യുദ്ധത്തിലെ പരാജയത്തെ അവിടുത്തെ രാഷ്ട്രീയ വൃത്തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നതാണ് പുടിനെ ഭയപ്പെടുത്തുന്നത്.
അതേസമയം, കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധം അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ ചെലവഴിക്കുന്ന ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിക്കുകയാണെന്നും സമാധാനത്തിലേക്കുള്ള ചുവടുവെപ്പുകൾ വേണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിലാണ് റഷ്യയെന്ന് പുടിൻ വ്യക്തമാക്കിയെങ്കിലും യുക്രൈനിലെ സൈനിക നീക്കങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ്.